Sunday, May 17, 2020

Pentas and Yellow Rose



A scene through the window- Adding colors to the beauty of Orchid



In an evening of Long day, 7.30 pm.

Orchid in the shadow of dusky sky..adding colors to life ?

Saturday, May 16, 2020

How leafy Twigs catching Sun ?


Morning walk to the Office, my Mobile photography.




Sunday, February 2, 2020

ഒരു ഗുജറാത്ത് സഫാരി, കാനന ഭംഗിയിലൂടെ - ഗിർവനം, പിന്നെ മറ്റു ചില കാഴ്ചകളും

ഇതേതാണ്ട് പത്തു വർഷം   മുൻപുള്ള ഒരു യാത്രയുടെ കുറിപ്പാണ്.

കൂടു വിട്ടു കൂടുമാറും മുൻപ് അടുക്കിപെറുക്കലിൽ കിട്ടിയ കുറിപ്പുകൾ.


അഹമ്മദാബാദിൽ നിന്നുമാണ് ഞങ്ങൾ ഗിർവനത്തിലേയ്ക് യാത്ര തിരിച്ചത്. ഞാൻ, താര, വിവേക്, രശ്മി. ഒരു സെമിനാറിന്റെ ഭാഗമായി അഹമ്മദാബാദിൽ വന്നതായിരുന്നു ഞങ്ങൾ. അപ്പോളാണ്  പണ്ട് മുതലേ സ്കൂൾ പാഠപുസ്‌തകങ്ങളിൽ കേട്ട് പഠിച്ച ഗിർ വനം ഇവിടെവിടെയോ ആണെല്ലോ എന്ന ചിന്ത വന്നത്. അപ്പോൾ പിന്നെ പോകാതെ എങ്ങനെ ? 

ഗൂഗിൾ മാപ്പ് എടുത്തു ദൂരം നോക്കിയപ്പോൾ ശരിക്കും ഞെട്ടി. ഏതാണ്ട് 400 Km ദൂരം. 

ലോക്കേഷൻ മാപ്പ് : കടപ്പാട്:  വിക്കിപീഡിയ (https://en.wikipedia.org/wiki/Gir_National_Park)


നിരാശ.. പക്ഷെ എന്തായാലും ശരി. പോയിട്ട് തന്നെ. 

ഇനി ഒരു പക്ഷെ ഈ വഴി വരവുണ്ടാവില്ല. 

എന്തായാലും തീരുമാനിച്ചു. പോയിട്ട് തന്നെ. വിവേക് അപ്പോൾ തന്നെ ടിക്കറ്റും ബുക്ക് ചെയ്തു. തീരുമാനമെങ്ങാനും മാറിയാലോ. (വിവേകും രശ്മിയും couples ആണ്). രാത്രി 10 മണിക്ക് ബസിൽ കയറി.  നേരിട്ടുള്ള ബസ് കിട്ടാത്തതിനാൽ രാവിലെ 5  മണിക്ക്  ജുനാഗഢ് (Junagadh) എന്ന സ്ഥലത്തിറങ്ങി. അവിടുന്ന് ഏതാണ്ട് 80 KM ദൂരമുണ്ട് നാഷണൽ പാർക്കിലേയ്ക് .  

സാധാ ലോക്കൽ ബസിൽ വിജനമായ വീഥികളിലൂടെ നല്ല കൊടും തണുപ്പത്ത് ഒരു യാത്ര. 


ഞങ്ങൾ നാലുപേരും തീവ്രവാദികളെ പോലെ പുതച്ചു മൂടിയിരുപ്പാണ് . കണ്ണുകൾ മാത്രം വെളിയിൽ. 


ഗ്രാമീണവാസികളായ ബസ് യാത്രക്കാർ ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. 
അപരിചിതരും അന്യനാട്ടുകാരും ആയതിനാലാവണം. 

(സത്യത്തിൽ അവിടെ ആർക്കും ഗിർ നാഷണൽ പാർക്ക്  എന്ന് പറഞ്ഞാൽ വലിയ പിടിയില്ല.സാസൻ ഗിർ  അല്ലെങ്കിൽ സാസൻ സഫാരി എന്ന് പറയണം. വ്യാപകമായി ഏഷ്യൻ സിംഹങ്ങളെ  കാണുന്ന ഇന്ത്യയിലെ ഏക  ഭൂപ്രദേശമാണ് ഗിർവനം. ഏതാണ്ട് 1412 km2 ആണ് ഗിർ വനത്തിന്റെ വിസ്തൃതി. കൂടുതൽ വിവരങ്ങൾ ഇവിടെ കിട്ടും https://en.wikipedia.org/wiki/Gir_National_Park)

സാസൻ ഗിർ-ലെയ്‌ക്കാണ്‌ എന്നുപറഞ്ഞപ്പോൾ ഒരു യാത്രക്കാരന് ആവേശമായി. അയാൾ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ബസിന്റെ ഗ്ലാസ്സുകൾ മാറ്റി നോക്കിയാൽ മാനുകളെ കാണാമത്രെ.

തണുത്തു വരണ്ട കാലാവസ്ഥ . കൊടും കാട്ടിലൂടെയാണ് യാത്ര. പൊടി കാരണം ബസിന്റെ ചില്ലുകളിലൂടെ ഉള്ള കാഴ്ച ദുഷ്കരം ആയിരുന്നു. മാനുകളെ കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ തണുപ്പ് വകവെയ്ക്കാതെ ചില്ലുകൾ മാറ്റി, കുറെ നേരം നോക്കിയിരുന്നു. ഒരു മാനെ പോലും കണ്ടില്ല.  

ആറു മണിയോടെ ബസിൽ കയറിയതാണ്. എട്ടുമണി ആയപ്പോൾ ഗിർ നാഷണൽ പാർക്ക് എത്തി. 

ഫ്രഷ് ആകാനൊക്കെ അവിടെ ചെറിയ വാടകയിൽ റൂമുകൾ കിട്ടും. ഒന്ന് ഫ്രഷ് ആയശേഷം ഞങ്ങൾ പുറത്തേയ്ക്കിറങ്ങി. മിക്കവരും രാവിലെ ജിലേബിപോലെ എന്തോ കഴിക്കുന്നു. പിന്നെ കടലമാവുകൊണ്ടു വലിയ മുറുക്ക് (പക്കോഡ, chevda snack) പോലെയുള്ള എന്തോ ഒന്ന്. കൂടെ പച്ചമുളകും.  ഞങ്ങളും  വാങ്ങി കഴിച്ചു. വഴിയോരത്തെ ഭക്ഷണം കഴിക്കാൻ മടിയുണ്ടായിരുന്നു എങ്കിലും, പേടിച്ചപോലെ വയറിനു പ്രശ്നമൊന്നും ഉണ്ടായില്ല. 

ഗിർ ഫോറെസ്റ് നാഷണൽ പാർക്ക് - റൂട്ട് മാപ്പ് 

(കമ്പ്യൂട്ടറും ഫേസ്ബുക്കും മൊത്തം തപ്പിയിട്ടു കുറച്ചു ഫോട്ടോസ് മാത്രമാണ് കിട്ടിയത്)

പ്രതീക്ഷയോടെ ഞങ്ങൾ സാസൻ സഫാരിക്ക് ടിക്കറ്റ് എടുത്തു.

തുറന്ന ജീപ്പിലാണ് യാത്ര. പുറകിൽ നിൽക്കണം. ഇടയ്ക്കു തെറിച്ചു പോകുമോ എന്ന് ഭയന്നു. നല്ല പൊടിയും ഉണ്ട്.

ഇലകളൊക്കെ കരിഞ്ഞുണങ്ങി നിൽക്കുന്നു. ഇടയ്ക്കു അവിടെയും ഇവിടെയും ആയി നീൽഗായ് ( largest Asian antelope) എന്നയിനം മൃഗത്തെ കണ്ടു.



തേക്ക്, വട്ട, അഗർബത്തി മരങ്ങളും കുറെ പോത്തുകളും, പലതരം മാനുകളും പക്ഷികളും . 

പക്ഷെ  കുറെയധികം സമയം കാത്തിട്ടും ഒരു സിംഹത്തെ പോലും കാണാൻ പറ്റിയില്ല.


ഗൈഡ് വാതോരാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. 


മ്ലാവ് എന്നറിയപ്പെടുന്ന സാംബാർ മാനുകളാ (Sambar deer) ണത്രെ ഇവിടുത്തെ സിംഹങ്ങളുടെ പ്രധാന ആഹാരം. വേട്ടയാടി ഇരയെ അകത്താക്കിയാൽ പിന്നെ ഏകദേശം മൂന്നു ദിവസത്തേയ്ക്ക് പിന്നെ വിശ്രമമാണത്രേ.  ഈ സമയമായതിനാലാണ് ഒന്നിനെയും കാണാത്തത്. വേറെ ഒരു സ്ഥലത്തു കുറെയധികം സിംഹങ്ങൾ ഉണ്ട്. നിങ്ങളെ കാണിച്ചിരിക്കും എന്നൊക്കെ. 


സത്യത്തിൽ ഞങ്ങൾ പോകാൻ തിരഞ്ഞെടുത്ത സമയം (season) ശരിയായില്ല എന്ന് വേണം കരുതാൻ 

കുറച്ചു മുൻപോട്ടു ചെന്നപ്പോൾ ഏതാണ്ട് വെളുത്തപുറന്തൊലിയുള്ള ഒരു വൃക്ഷം കണ്ടു. ഇംഗ്ലീഷിൽ Gum tree എന്നറിയപ്പെടുന്ന ഈ മരത്തിന്റെ കറ ക്യാപ്സ്യൂൾ നിർമാണത്തിന്  ഉപയോഗിക്കുമത്രേ.



കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോൾ  മനുഷ്യവാസത്തിന്റെ സൂചനകൾ. 
കുറെയധികം മൺകുടിലുകൾ അവിടവിടെയായി കാണാനുണ്ടായിരുന്നു.  

ശരിക്കും അത്ഭുതമായിരുന്നു. സിംഹങ്ങളുടെയും മറ്റു വന്യജീവികളുടെയും ഇടയിൽ കുറെയധികം മനുഷ്യർ. 

ഈ യാത്രയിൽ ഏറ്റവും താല്പര്യം തോന്നിയത് ഗിർ വനത്തിനുള്ളിൽ താമസിക്കുന്ന ഈ മനുഷ്യരെക്കുറിച്ചു  അറിഞ്ഞപ്പോളാണ്. Maldharis (livestock owners) എന്നാണിവർ അറിയപ്പെടുന്നത്. ഏതാണ്ട് എണ്ണായിരത്തിനു മുകളിൽ ആണ് ഇവരുടെ അംഗസംഖ്യ. 

പ്രത്യേക രീതിയിലുള്ള വസ്ത്രധാരണം കൊണ്ട് അവരെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും. തുറന്ന ജീപ്പിലൂടെ ഉള്ള യാത്രയിൽ Maldharis വംശജർ  പശുവിനെ മേയ്ക്കുന്നതും കണ്ടു. 

ഇവർ ശുദ്ധ സസ്യഭുക്കുകളാണ്. പശുവളർത്തൽ ആണിവരുടെ മുഖ്യ ഉപജീവന മാർഗം. പാലും തൈരും നെയ്യും അടുത്തുള്ള ഗ്രാമങ്ങളിലും മറ്റും വിറ്റാണ് ഇവർ ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നുന്നത്. ഒന്നോ രണ്ടോ ഒട്ടകങ്ങളെയും അവിടവിടെയായി കാണാൻ കഴിഞ്ഞു. ഒട്ടകങ്ങളെ ഇവർ യാത്രയ്ക്കായി ഉപയോഗിക്കുമത്രേ. 

ഓരോരോ ചെറിയ ഗ്രൂപ്പുകളായാണിവർ താമസിക്കുന്നത്. ഒരു ചെറിയ വില്ലജ് മോഡൽ (Hamlets or Nesses). ഇവരുടെ ഇടയിൽ ശൈശവവിവാഹം നടക്കാറുണ്ടെങ്കിലും  വ്യത്യസ്‌ത സമുദായങ്ങൾ തമ്മിലുള്ള വിവാഹങ്ങൾ അനുവദനീയമല്ല. കൂടാതെ വധുവിന് പകരം തിരിച്ചു ആ കുടുംബത്തിലേയ്ക് ഒരു പെൺകുട്ടിയെയോ അല്ലെങ്കിൽ നല്ല ഒരു തുകയോ കൊടുക്കേണ്ടി വരുമത്രേ. 

ഈ ലിങ്കിൽ Maldhari tribe നെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടും 

കുറെയധികം യാത്ര ചെയ്‌തെങ്കിലും ഒരു സിംഹത്തെപോലും കാണാൻ പറ്റാത്ത നിരാശ കണ്ടിട്ടാവണം ഗൈഡ് ഞങ്ങളെ വേറെ ഒരു ദിശയിലേയ്ക് കൊണ്ട് പോയി. അവിടെ ഒന്ന് രണ്ടു പെൺസിംഹങ്ങളേയും കുറച്ചു കുഞ്ഞുങ്ങളെയും കാണാനായി. 

കടപ്പാട്:  വിക്കിപീഡിയ (https://en.wikipedia.org/wiki/Gir_National_Park)


സഫാരി കഴിഞ്ഞപ്പോൾ ഏകദേശം ഞങ്ങൾ പൊടിയിൽ കുളിച്ച അവസ്ഥ ആയി. എനിക്കാണെങ്കിൽ ശ്വാസം പോലും കിട്ടുന്നില്ല. ശ്വാസകോശം മുഴുവൻ പൊടി നിറഞ്ഞിട്ടുണ്ടാവണം. തിരികെ എത്തി വീണ്ടും അടുത്ത സഫാരി, ലയൺ പാർക്കിലേയ്ക്. അവിടെ കുറെയധികം സിംഹങ്ങളും മുതലകളും മറ്റും ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ പൊടി അടിച്ചു  ഞങ്ങളെല്ലാവരും രോഗികളായി എന്ന് വേണം പറയാൻ. 


എന്നിരുന്നാലും ചെറിയ ക്ലാസുകൾ മുതൽ കേട്ടുവന്നിരുന്ന ഗിർ വനം നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലായിരുന്നു ഞങ്ങൾ. 
ഒരു പക്ഷെ വളരെ അപൂർവമായി കിട്ടുന്ന ഒരു അവസരം. 

                                തിരികെ വീണ്ടും അഹമ്മദാബാദിലേയ്ക്. 

പിന്നീട് ഞങ്ങൾ സബർമതി ആശ്രമവും ഹതീസിംഗ് ജൈന ക്ഷേത്രവും പിന്നെ 'ദാദാ ഹരിർ' എന്ന പടവുകളുള്ള കിണറും (Dada harir  Stepwell)  സന്ദർശിക്കുകയുണ്ടായി.

ആരവല്ലി പർവതനിരകളിൽ  നിന്നും ഉത്ഭവിക്കുന്ന (പഴയ സ്കൂൾ പാഠപുസ്‌തകം ഓർമവന്നു) സബർമതി നദിയുടെ തീരത്താണ് സബർമതി ആശ്രമം.  ഞാൻ കുറെയധികം ഫോട്ടോസ് എടുത്തിരുന്നെങ്കിലും മിക്കതും നഷ്ടപ്പെട്ടു. എല്ലാം ഒരു ഹാർഡ്‍ഡിസ്കിൽ  ആയിരുന്നു. ചില കാര്യങ്ങളെങ്കിലും നമ്മൾ പഴയരീതിയിൽ ചിത്രങ്ങളായി (Print) എടുത്തു സൂക്ഷിക്കേണ്ടിയിരിക്കുന്നു. 

നമ്മൾ സ്കൂളിൽ പാഠപുസ്‌തകങ്ങളിൽ പഠിച്ച ചർക്ക, പിന്നെ ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പിന്നെ ഉപ്പു സത്യാഗ്രഹത്തിന്റെ മുതലുള്ള ചിത്രങ്ങൾ എല്ലാം വളരെ മനോഹരമായി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. 


കുറെയധികം സമയം സബർമതിയുടെ ശാന്തതയിൽ ചിലവിട്ട ശേഷം ഞങ്ങൾ പോയത് ഒരു പുരാതന ജൈന ക്ഷേത്രം (ഹതീസിംഗ്  ജൈന ക്ഷേത്രം) സന്ദർശിക്കാനാണ്. പതിനഞ്ചാമത്തെ ജൈന തീര്‍ത്ഥങ്കരനായ ധര്‍മനാഥനാണ് ഈ ക്ഷേത്രത്തിലെ പ്രധാന  പ്രതിഷ്‌ഠ. 

ക്ഷേത്രത്തിന്റെ ചുറ്റും തണൽ വിരിച്ചെന്ന വണ്ണം കുറെയധികം അരണമരങ്ങൾ (Polyalthia).  പിച്ചിപ്പൂക്കളും, പിന്നെ വലിയ  ഒരു ആൽമരവും. 

ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുന്ന കവാടത്തിൽ  വലിയ ഒരു സ്തൂപം ഉണ്ട്. 


ഹതീസിംഗ്  ജൈന ക്ഷേത്രം 
(ക്ഷേത്രത്തിന്റെ അകത്തു ഫോട്ടോഗ്രാഫി അനുവദനീയമല്ല)

 അഹമ്മദാബാദിലെ വ്യാപാരിയായ സേത് ഹതീസിംഗ് ആണ് ഈ ക്ഷേത്രത്തിന്റെ നിർമാണം തുടങ്ങിവച്ചത്. അദ്ദേഹത്തിന്റെ മരണശേഷം, പത്നി ഷേതനി ഹർകുൻവർ ക്ഷേത്രനിർമ്മാണം  പൂർത്തീകരിച്ചു. ഇപ്പോളും  ക്ഷേത്രം നിയന്ത്രിക്കുന്നത്   ഹതീസിംഗ് കുടുംബാംഗങ്ങൾ  ആണ്.


ഹതീസിംഗ്  ജൈനക്ഷേത്രത്തിൽ 


യാത്ര തുടങ്ങി കുറെയായിട്ടും ഞങ്ങൾക്ക് ഗുജറാത്തിനെ പറ്റി വലിയ ഐഡിയ ഒന്നും ഇല്ലായിരുന്നു. ഭാഗ്യവശാൽ ഞങ്ങളുടെ ടാക്സി ഡ്രൈവർ നല്ല മര്യാദയുള്ള ഒരാളായിരുന്നു. കുറച്ചുള്ളിലേയ്ക്ക്, ഒരു ഗ്രാമത്തിൽ മനോഹരമായ കിണറുണ്ട് എന്ന് പറഞ്ഞപ്പോൾ, എങ്കിൽ കണ്ടേക്കാം എന്നായി ഞങ്ങൾ. 

ഗുജറാത്തിൽ 'വാവ്' എന്നറിയപ്പെടുന്ന stepwells കാണിക്കാനാണ് അദ്ദേഹം ഞങ്ങളെ കൊണ്ട് പോയത്. അഹമ്മദാബാദിൽ നിന്നും ഏതാണ്ട് പതിനഞ്ചു കിലോമീറ്റർ ദൂരെയുള്ള ഹരിപുര എന്ന ഒരു ഗ്രാമപ്രദേശം. അവിടെയാണ് ദാദ ഹരിർ എന്ന ധാരാളം പടവുകളുള്ള കിണർ 

ദാദാ ഹരിർ (Stepwell)

ഏതാണ്ട് നൂറ്റി ഇരുപതോളം വാവുകൾ ഗുജറാത്തിൽ തന്നെ ഉണ്ട്. 
5 -19 നൂറ്റാണ്ടുകളുടെ ഇടയിലാണ് ഇത് മിക്കതും പണികഴിപ്പിച്ചിരിക്കുന്നത്. 
മഴവെള്ളം സംഭരിക്കാനും മറ്റുമായി പണികഴിപ്പിച്ച ഈ കിണറുകൾ പഴയകാല വാസ്തുവിദ്യയുടെ മികവ് എടുത്തുകാണിക്കുന്നവയാണ്. 

ദാദാ ഹരിർ ഒരു അത്ഭുതം തന്നെ. ഭൂമിയുടെ നിരപ്പിൽ നിന്നും ഏതാണ്ട് അഞ്ചോളം നിലകൾ താഴേയ്ക്ക്, പുറമെ നിന്നും നോക്കിയാൽ അവിടെ ഇങ്ങനെ ഒരു നിർമ്മിതി ഉണ്ടെന്നു തോന്നുകയേ ഇല്ല. മുകളിൽ അഷ്ടഭുജാകൃതി . ഓരോ നിലയും കുറെയധികം ആളുകളെ ഉൾകൊള്ളാൻ കഴിയും വിധം വിശാലമാണ്. 
രണ്ടു വശങ്ങളിലുമായി താഴേയ്‌ക്കെത്തും വിധം പടവുകൾ ക്രമീകരിച്ചിരിക്കുന്നു. അതിമനോഹരമായ ഇസ്ലാമിക് വാസ്തുവിദ്യ ഓരോ പടവുകളിലും കാണാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് നോക്കുക. https://en.wikipedia.org/wiki/History_of_stepwells_in_Gujarat.


പിന്നീട്  ഞങ്ങൾ കാൻകരിയ തടാകം കാണാനും ബലൂൺ സഫാരിയ്കും സമയം കണ്ടെത്തി.

കാൻകരിയാ തടാകം 

കാൻകാരിയാ തടാകം അഹമ്മദാബാദിലെ രണ്ടാമത്തെ വലിയ തടാകമാണ്. തടാകത്തിന്റെ തീരം ടൂറിസ്റ്റുകളെ (പ്രത്യേകിച്ചും കുട്ടികളെ) ആകർഷിക്കുവാനായി മനോഹരമായി  ക്രമീകരിച്ചിട്ടുണ്ട്. കിഡ്‌സ് സിറ്റി, ടോയ് ട്രെയിൻ, ബലൂൺ സഫാരി..അങ്ങനെ പലതും. ബലൂൺ സഫാരി ഞങ്ങൾ നന്നായി ആസ്വദിച്ചു. ആദ്യം ലേശം ഭയമൊക്കെ തോന്നിയെങ്കിലും പിന്നീട് ആകാശകാഴ്ചകൾ കണ്ടപ്പോൾ ഭയമൊക്കെ എവിടെയോ അപ്രത്യക്ഷമായി. Ahmedabad Eye എന്നാണ് ഇതറിയപ്പെടുന്നത്.  


ബലൂൺ സഫാരി 


ഇനി അഹമ്മദാബാദ് സയൻസ് സിറ്റിയിലേക്ക്.


അഹമ്മദാബാദ് സയൻസ് സിറ്റി (Earth-dome)

ശക്തമായ വെയിലും തുടർച്ചയായ യാത്രയും മൂലം ഞങ്ങളാകെ ക്ഷീണിച്ചിരുന്നു. കുട്ടികൾക്ക് നന്നായി ആസ്വദിക്കാനും പഠിക്കാനും പറ്റിയ സ്ഥലമാണ് അഹമ്മദാബാദ് സയൻസ് സിറ്റി. പല സെക്ഷനുകളായി  ലൈഫ്, എനർജി പാർക്കുകൾ, IMAX തിയറ്റർ, എർത്ത് മോഡൽ, ആക്ടിവിറ്റി സെക്ഷൻ തുടങ്ങിയവയെല്ലാം നല്ല രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിൽ മ്യൂസിക്കൽ ഫൗണ്ടനും ഉണ്ട്.  ചില സെക്ഷനുകളി മിക്കതും പണി പൂർത്തിയാവുന്നതേ ഉണ്ടായിരുന്നുള്ളൂ.ഇത് പത്തു വർഷം  മുൻപുള്ള കാര്യം. ഇപ്പോൾ ഇത് നല്ലരീതിയിൽ ആയിട്ടുണ്ടാവുമെന്നു തീർച്ച.

ഒരു പുതിയ സ്ഥലത്തുപോകുമ്പോൾ അവിടുത്തെ ശരിയായ സംസ്കാരം അറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യണം. സത്യത്തിൽ ഗിർ വനത്തിലേക്കുള്ള യാത്രയിലും ദാദാ ഹരിർ (Stepwell) ലേക്കുള്ള യാത്രയിലും ഗ്രാമീണ ഭംഗിയും ഗുജറാത്തിന്റെ യഥാർത്ഥ സംസ്കാരവും മനസിയിലാക്കാൻ കഴിഞ്ഞു. തീർച്ചയായും ഞങ്ങളുടെ എല്ലാവരുടെയും മനസ്സു നിറഞ്ഞ ഒരു യാത്രയായിരുന്നു- A Wonderful and Memorable Gujarat Safari. 

തിരികെ വീണ്ടും ഗവേഷണത്തിന്റെ ലോകത്തേയ്ക്ക്. ഇനി അടുത്ത യാത്രയ്ക്കായി കാത്തുകൊണ്ട്...




















Tuesday, May 21, 2019

ചരിത്രത്തിന്റെ ശേഷിപ്പുകളിലൂടെ ...ചിതറാൽ.

പുതിയ അധ്യയന വര്ഷം തുടങ്ങാൻ ഇനി ആഴ്ചകൾ മാത്രം. ഇത്തവണ എങ്ങോട്ടേയ്ക്കും കൊണ്ടുപോയില്ല എന്ന് ദേവൂന് (ചേട്ടന്റെ മകൾ) പരിഭവം.

എവിടെയെങ്കിലും കൊണ്ട് പോകുമെന്ന പ്രതീക്ഷയിൽ ആൾ കുറെ ദിവസമായി തിരുവനന്തപുരത്തു ഉണ്ട്..നാട്ടിൽ നിന്നും ചേട്ടനും ചേട്ടത്തിയും അനിയത്തിയും എല്ലാവരും എത്തീട്ടുണ്ട്.

എവിടെ പോണം.. പല പല ചിന്തകൾ..

നല്ല ചൂടും..

നമുക്കു ചുമ്മാ തമിഴ് നാട്ടിലേയ്ക്ക് വിട്ടാലോ..ഭർത്താവിന്റെ വക കമന്റ് ..

അവസാനം ഞാൻ പറഞ്ഞു . നമുക്ക് ചിതറാൽ പോകാം..(സത്യത്തിൽ കുറെ വർഷങ്ങളായി അവിടെ പോകണമെന്ന് ആഗ്രഹിച്ചിരുന്നു)

 പത്തു മിനിട്ടു കൊണ്ട് എല്ലാവരും റെഡി.
ഗൂഗിൾ മാപ് ...

ദൈവമേ ..കട്ട ചൂടായിരിക്കും ..അത്യാവശ്യം നല്ല കയറ്റമുണ്ടെന്നു കേട്ടിട്ടുണ്ട്..
എനിക്കിന്ന് തെറിവിളി ഉറപ്പാണ്..

ഇവിടെ നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരമുണ്ട് ചിതറാലിലേക്ക് . തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയിൽ മാർത്താണ്ഡത്തിനടുത്താണ് (5 -6 കിലോമീറ്റർ ) ഈ ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്നത്. ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് സംരക്ഷണയിലാണ് ഈ ചരിത്രസ്മാരകം

രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശന സമയം ..



ചിതറാൽ ജൈനക്ഷേത്രം 
കടപ്പാട് : വിക്കിപീഡിയ (https://en.wikipedia.org/wiki/Chitharal_Jain_Monuments)



ഏതാണ്ട് 12 മണിയായപ്പോളാണ് ഞങ്ങൾ അവിടെ എത്തിയത്.
വളരെ ചെറിയ ഒരു ഗ്രാമ പ്രദേശമാണ് ഇവിടം. ഒന്ന് രണ്ടു ചെറിയ കടകൾ ഉണ്ട്. വാഹനം   പാർക്ക് ചെയ്യുന്നതിനായി ഇടതുവശത്തു സൗകര്യമുണ്ട്..(പാർക്കിംഗ് ഫീസ് ബാധകം)


കൊടും ചൂടും കയറ്റവും. തിരികെ പോയാലോ ..നല്ലപാതിയുടെ കമന്റ് ..

എന്തായാലും വന്നു ..എന്തായാലും കയറിയിട്ട് തന്നെ..



ഒന്നോ രണ്ടോ പേർ തിരിച്ചിറങ്ങി അവശരായി ഇരിപ്പുണ്ടായിരുന്നു. ഏകദേശം ഒരു കിലോമീറ്റർ  മുകളിലേയ്ക്കു കയറണം.

കരിങ്കല്ലുകൾ പാകിയ നല്ല വൃത്തിയുള്ള നടപ്പാത മുകളിൽ വരെയുണ്ട്.
പാതയുടെ ഇരു വശങ്ങളിലും ബദാം  മരങ്ങൾ വച്ച് പിടിപ്പിച്ചിട്ടുണ്ട് .
ചെറിയ ഞാവൽ ചെടികളും ..അടുത്തിടെ നട്ടു  പിടിപ്പിച്ചതാവണം.

ജൈനക്ഷേത്രത്തിലേക്കുള്ള നടപ്പാത 


കുറെയധികം കശുമാവുകളും ഉണ്ട്. ചിലതിൽ നിറയെ പൂക്കൾ ..ചിലതു കായ്ച്ചു തുടങ്ങിയിട്ടുണ്ട്..പൂത്ത കശുമാവും അതിന്റെ പ്രത്യേക ഗന്ധവും ഒരു വലിയ നൊസ്റ്റാൾജിയ ആണ്.. കുട്ടിക്കാലത്തേക്ക് തിരികെ കൊണ്ട് പോകുന്ന ഓർമ്മകൾ..മിക്ക ദിവസങ്ങളിലും ഉറക്കമുണർന്നത് ആദ്യം എത്തുക കശുമാവിൻ ചുവട്ടിലാരുന്നു.

നല്ല രീതിയിൽ പരിപാലിച്ചാൽ, കുറെ നാളുകൾക്കു ശേഷം എന്തായാലും ഇതൊരു നല്ല ഹിസ്റ്റോറിക്കൽ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആകുമെന്ന് തീർച്ച.

ഞങ്ങൾ പതുക്കെ മുകളിലേയ്ക്കു കയറി തുടങ്ങി.. പത്തു മിനിട്ടു കൊണ്ട് വെള്ളക്കുപ്പികൾ കാലി ..സത്യത്തിൽ കത്തി എരിയുന്ന സൂര്യൻ ആണ് പ്രശ്നം. അല്ലെങ്കിൽ വലിയ കുഴപ്പമില്ലാതെ കയറാൻ സാധിക്കും.

ക്ഷീണിക്കുമ്പോൾ വിശ്രമിക്കാനായി ഇടയ്ക്കിടെ കല്ലിൽ ഉണ്ടാക്കിയ ഇരിപ്പിടങ്ങൾ ഉണ്ട് .

 ദേവ്  (ഞങ്ങളുടെ മകൻ) കുറെ അധികം മുന്നോട്ടോടും..പിന്നെ അതെ സ്പീഡിൽ പുറകിലേക്ക് ..നല്ല തമാശ ..
പിന്നെ പാവം മടുത്തു താടിയ്ക്കു കയ്യും കൊടുത്തു നിലത്തിരുപ്പായി.. പിന്നെ പേരപ്പന്റെ തോളിൽ കയറി മുകളിലേയ്ക് ...



നട്ടുച്ചയായിട്ടു കൂടി ഇടയ്ക്കിടെ തണൽ ഉള്ളത് വലിയ ഒരു ആശ്വാസം ആയിരുന്നു .

ഒരു വശത്തു വലിയ പാറയാണ്..കുട്ടികൾ അങ്ങോട്ടേയ്ക്ക് ഓടാൻ ശ്രമിച്ചു..
(ഈ ഭാഗത്തു കൂടെ പോകുമ്പോൾ കുട്ടികളെ നന്നായി ശ്രദ്ധിക്കണം.. വീണാൽ നല്ല പരുക്ക് പറ്റും)

ചില സ്ഥലങ്ങളിൽ പാറ മറവിൽ ചിലർ മദ്യപിക്കുന്നുണ്ടായിരുന്നു. അതിനാൽ കുറച്ചു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും..
ഇങ്ങനെയുള്ള പ്രദേശങ്ങളിൽ ഇങ്ങനെത്തെ പ്രവൃത്തികൾ കർശനമായി നിരോധിച്ചിരുന്നെങ്കിൽ ..നിയമം  ഉണ്ടായാൽ പോരാ ..അത് പാലിക്കപ്പെടാനാണ് കൂടുതൽ ബുദ്ധിമുട്ട് .


കുറെയേറെ നേരം നടന്നും ഇരുന്നും അവസാനം മുകളിൽ എത്തി.  നട്ടുച്ച ആയതിനാലാവും ഒരു 6 -7  പേരിൽ കൂടുതൽ ഉണ്ടാരുന്നില്ല.

ജൈന ക്ഷേത്രതിനെ തുടക്കത്തിൽ തന്നെ ഒരു വലിയ പേരാൽ പടർന്നു പന്തലിച്ചു നിൽപ്പുണ്ട്...
അതിന്റെ വിശാലമായ തടികൾ മുഴുവനും ആരൊക്കെയോ പല പല പേരുകൾ എഴുതി വച്ചിരിക്കുന്നു..



പിന്നിട്ട വഴി 

ഒന്ന് രണ്ടുപേർ പേരാലിന്റെ കീഴെയുള്ള ഇരിപ്പിടങ്ങളിൽ വിശ്രമിക്കുന്നുണ്ടായിരുന്നു..

പാറക്കെട്ടിലൂടെ സൂക്ഷിച്ചു വീണ്ടും മുകളിലെയ്ക്..

വലത്തേക്ക് പോയാൽ പാറകൾക്കിടയിലൂടെ ഒന്നോ രണ്ടോ പേർക്ക് കടന്നു പോകാവുന്നതു പോലെ ഒരു ചെറിയ പാത ..
ആദ്യം മുകളിലേയ്ക്കു കയറി ..അവിടെ ചരിത്രത്തിലെ ശേഷിപ്പുകൾ തലയുയർത്തി നിൽക്കുന്നു ..
അവിടെ നിന്നുള്ള കാഴ്ച അതിമനോഹരമാണ് . ഒരു സൈഡ് വലിയ കൊക്കയാണ് ..എന്നിരുന്നാലും താഴ്വാര കാഴ്ച ആരെയും ആകർഷിക്കും..

നല്ല കാറ്റുള്ളതിനാലും  തെന്നി വീഴാൻ സാധ്യതയുള്ളതിനാലും നല്ല കരുതലോടെ വേണം ഇവിടെ നിൽക്കുവാൻ ..



തിരികെ താഴേയ്ക്കിറങ്ങി ഇടുങ്ങിയ പാറക്കെട്ടുകളുടെ ഇടയിലൂടെ ക്ഷേത്രത്തിലേയ്ക്ക് ..കുറെയധികം  കൽപ്പടവുകൾ താഴേയ്ക്കിറങ്ങണം.. കല്ലിൽ കൊത്തിയെടുത്തതുപോലെ ..
കല്ലിൽ കൊത്തിയ ശില്പങ്ങൾ 


പടിക്കെട്ടുകൾ ഇറങ്ങി താഴേയ്ക്ക് പോകുമ്പോൾ ഇടതു സൈഡിൽ കരിങ്കൽ ചുവരിൽ ശിലയിൽ കൊത്തിയ ശില്പങ്ങൾ. വർദ്ധമാന മഹാവീരന്റെ പദ്മാസനത്തിൽ ഇരിക്കുന്ന ശില്പമാണുള്ളത് . (bas-relief sculptures എന്നാണിവ അറിയപ്പെടുക Ref  : https://en.wikipedia.org/wiki/Relief#Bas-relief_or_low_relief)


അവിടെ നിന്നും വീണ്ടും മുൻപോട്ട് . ഒരു വലിയ പാറയുടെ ഒരു വശമാണ് ക്ഷേത്രമായി നിർമിച്ചിരിക്കുന്നത് .
വളരെ കുറച്ചു പടികൾ മുകളിലേയ്ക്കു കയറിയാൽ ക്ഷേത്രത്തിന്റെ ഉള്ളിലെത്താം.



 Cave temple-Entrance (കടപ്പാട് : വിക്കിപീഡിയ)
Ref: https://en.wikipedia.org/wiki/Chitharal_Jain_Monuments

അതിശക്തമായ ചൂടിലും നല്ല തണുപ്പ്..

പഴയ ആരാധനാ വിഗ്രഹങ്ങൾ..

നല്ല കാറ്റ് . നല്ല തണുപ്പും .
കുറേസമയം കല്പടവുകളിൽ വിശ്രമിച്ചു ..ഒരു ധ്യാനത്തിന്റെ പ്രതീതി..മനസ്സ് ഒരു പറവയെ പോലെ ..

കുറെ അധികം സമയം അവിടെ ചിലവഴിച്ചു.

കയറ്റം കയറിയതിന്റെയും  കനത്ത ചൂടിന്റെയും എല്ലാം ക്ഷീണം അലിഞ്ഞില്ലാതായതു പോലെ.




താഴേയ്ക്ക് വീണ്ടും കുറെ കൽപ്പടവുകൾ . അവിടെ ഒരു തടാകവും..ഈ കൊടും ചൂടിലും അതിൽ നിറയെ വെള്ളമുണ്ടായിരുന്നു..


മറ്റൊരു വശത്തു കുറെ അധികം ചെടികളും മറ്റും..ഒരു വലിയ പാറയിൽ ശിലാലിഖിതങ്ങൾ ..വട്ട എഴുത്തു എന്നാണത്രെ അതറിയപ്പെടുക.


ശിലാലിഖിതങ്ങൾ

സത്യം പറഞ്ഞാൽ കുറെ സമയം വീണ്ടും അവിടെ ചിലവഴിക്കണമെന്നൊരു തോന്നൽ. നിഷ്കളങ്കമായ ആഗ്രഹങ്ങൾ...പക്ഷെ ഇനിയും ഒരുപാട് മുൻപോട്ടു പോകേണ്ടിയിരിക്കുന്നു..

എന്തായാലും എല്ലാവരും ഒരുപാട് ഇഷ്ടപെട്ട യാത്രയായിരുന്നു( ഭാഗ്യം ചീത്തവിളി കേട്ടില്ല) ..

തിരിച്ചിറങ്ങി..ഒരു പക്ഷെ ഇനി ഒരിക്കലും വരാൻ സാധ്യതയുണ്ടാവില്ല.

ഇനി പുതിയ സ്ഥലങ്ങളുടെ ..പുതിയ കാഴ്ചകളിലേക്ക് ...




(NB. സത്യത്തിൽ അധികം ചിത്രങ്ങൾ എടുക്കാൻ പറ്റിയില്ല. ഒന്ന് രണ്ടു പടങ്ങൾ വിക്കിപീഡിയയിൽ നിന്നും എടുത്തതാണ്.. (കടപ്പാട്: വിക്കിപീഡിയയോട്)




Wednesday, May 8, 2019

ഗോവ : സഞ്ചാരികളുടെ പറുദീസയിലേക്ക്, ഒരു കൊച്ചു യാത്ര


മൂകാംബിക ദർശനത്തിനു ശേഷമാണ് ഞങ്ങൾ ഗോവയിലേയ്ക് തിരിച്ചത്. വൈകുന്നേരം നാലരയ്ക്ക് മൂകാംബിക റോഡിൽ നിന്നും ഞങ്ങൾ മുംബൈ എക്സ്പ്രസ്സ് ട്രെയിനിൽ കയറി, ഏതാണ്ട് ആറേമുക്കാൽ ആയപ്പോൾ മഡ്‌ഗാവ് എത്തി

വർഷങ്ങളായി ഗോവയിൽ സ്ഥിരതാമസമാക്കിയ  ഒരു ബന്ധു ഞങ്ങളെയും കാത്ത് നില്പുണ്ടായിരുന്നു. വാസ്കോയിൽ  ആയിരുന്നു  താമസം (മഡ്‌ഗാവ് നിന്നും മുക്കാൽ മണിക്കൂറെടുത്തു വാസ്കോയിൽ എത്താൻ.  

രണ്ടേ രണ്ടു ദിവസം കൊണ്ട് മാക്സിമം ഗോവയെ പറ്റി  മനസ്സിലാക്കുകയായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. സമയം വളരെ കുറവായതു കൊണ്ടും സ്ഥലപരിചയമില്ലായ്മ കൊണ്ടും ടാക്സി ആണ് നല്ലതെന്നു ഞങ്ങൾ തീരുമാനിച്ചു. ബന്ധു ഏർപ്പാടാക്കിയ ടാക്സി ഡ്രൈവർ സ്ഥലങ്ങളെ പറ്റി  നല്ല നിശ്ചയമുള്ളതും വളരെ മര്യാദയുള്ള ആളും ആയിരുന്നു

ഗോവയിലേയ്ക് ഒരു യാത്ര എന്ന് പറയുമ്പോൾ പെട്ടെന്ന്  എല്ലാവരുടെയും  മനസിലേയ്ക്ക് ഓടി വരുന്നത് ബീച്ചുകളും  പാരാ സെയിലിങ്ങും  ഗോവൻ  ഫെനിയുമൊക്കെയാണ്. .

ബീച്ചുകളാൽ സമൃദ്ധമാണ് ഗോവ  (കോൾവാ   ബീച്ച്, കലാഗ്യൂട്ട് (Calangute), കാന്‍ഡോലിം (Candolim), ബാഗ (Baga). ഞങ്ങൾ പ്രധാനമായും  കലാഗ്യൂട്ട്  ബീച്ചിൽ മാത്രമാണ് ഇറങ്ങിയത്.. 

അടുത്തദിവസം രാവിലെ തന്നെ ഗോവയിലെ പ്രധാന പള്ളികളെല്ലാം സന്ദർശിച്ചു (ബസിലിക്ക ഓഫ് ബോം ജീസസ്, സേ കത്തീഡ്രൽ etc). ഗോവൻ പള്ളികളെയും ബീച്ചുകളെയും പറ്റി ഒരുപാട് വിവരങ്ങൾ പലയാത്രാവിവരണങ്ങളിലും  ഉള്ളതിനാൽ ഞാൻ അതിന്റെ വിശദാംശങ്ങളിലേയ്ക് കടക്കുന്നില്ല.

പള്ളികളെല്ലാം  കണ്ടുകഴിഞ്ഞ ശേഷം കൊകോ  ബീച്ചിൽ (Coco Beach) ഡോൾഫിൻ സവാരിയ്ക്കാണ് പോയത്. ഒരാൾക്ക് മുന്നൂറ് രൂപയാണ് ഫീസ്. ഭാഗ്യവശാൽ കുറെ അധികം ഡോൾഫിനുകളെ  കാണാൻ സാധിച്ചു. അത് കൂടാതെ  ഫോർട്ട് അഗോഡ ജയിൽ (പഴയ സെൻട്രൽ ജയിൽ), കടലിനു അഭിമുഖമായി നിൽക്കുന്ന ജിമ്മിസ്  പാലസ് (Palacio Aguada), ലൈറ്റ് ഹൗസ്  തുടങ്ങിയവയും ഡോൾഫിൻ സഫാരിയ്ക്കിടെ കാണാൻ സാധിക്കുംജിമ്മി ഗാസ്‌ദർ എന്ന പാർസി ബിസിനസുകാരനാണ് ഇത് പണികഴിപ്പിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ സൈറസ് ഗസ്ദെർ ആണ് ഉടമസ്‌ഥൻ . ജറാൾഡ് ഡേ കുൻഹ എന്ന ഗോവൻ ആർക്കിടെക്ട് ആണ് ഈ കൊട്ടാരം ഡിസൈൻ ചെയ്തിരിക്കുന്നത്ദൂരകാഴ്ചയാണെങ്കിലും അതിമനോഹരമായ ഗാർഡനും ആർക്കിടെക്ചറും ആരുടെയും  മനം കവരും .



നാലരയോടെ   ഞങ്ങൾ കലാഗ്യൂട്ട് ബീച്ചിലെത്തി. വെയിൽ താഴാൻ തുടങ്ങിയിരുന്നു.ആഘോഷത്തിന്റെ പൂരപ്പറമ്പാണ്  അവിടം. ബീച്ച് ഷാക്കുകൾക്കു മുൻപിൽ  കുറെ അധികം ബഞ്ചുകളും കസേരകളും ഉണ്ടായിരുന്നുചില ടേബിളുകളിൽ ഹുക്കകൾ പുകയുന്നു. സത്യത്തിൽ ഹുക്ക ഈ രീതിയിൽ വലിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.



കുറച്ചു സമയം അവിടെയിരുന്നു. കാഴ്ചകൾ ആസ്വദിച്ച ശേഷം വെള്ളത്തിലിറങ്ങി. കുട്ടികൾ ശരിക്കും ആഘോഷിച്ചു. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേയ്ക് മറഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന് അഭിമുഖമായി  സ്പീഡ് ബോട്ടിൽ കെട്ടിയ പാരച്യൂട്ടുകൾ. സാഹസികതയോട് വലിയ താല്പര്യമില്ലാത്തനിനാലും കൊച്ചു കുട്ടികൾ കൂടെ ഉള്ളതിനാലും ഞങ്ങൾ അതിനൊന്നും മെനക്കെട്ടില്ലഈ ദിവസത്തെ കാഴ്ചകൾ അവസാനിപ്പിച്ച്‌  ഞങ്ങൾ രാത്രിയോടെ ഹോട്ടലിലേക്കു മടങ്ങി


അടുത്തദിവസം ആദ്യത്തെ ലക്ഷ്യം നേവൽ ഏവിയേഷൻ മ്യൂസിയം ആയിരുന്നു. ഞങ്ങൾ താമസിച്ച വാസ്കോയിലെ ഹോട്ടലിൽ നിന്നും ഏതാണ്ട് ആറേഴുകിലോമീറ്റർ ദൂരമുണ്ടായിരുന്നു അങ്ങോട്ടേക്ക്. ഒൻപതര മുതൽ അഞ്ചര വരെയാണ് സന്ദർശനസമയം. തിങ്കൾ അവധിയാണ്

വാസ്കോ - ബോഗ്മാലോ റോഡിലാണ് ഇന്ത്യയിലെ ഈ ഏക നേവൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. അവിടെ പ്രദർശിപ്പിച്ചിരിക്കുന്ന വിവിധതരം എയർ ക്രാഫ്റ്റുകളും എൻജിനുകളും മറ്റെവിടെയും കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല. വിശദമായി കാണണമെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടു മൂന്നു മണിക്കൂറെങ്കിലും വേണം.




പിന്നീട് ഞങ്ങൾ  ലോട്ടോലിം വില്ലേജിലേക്കു യാത്ര തിരിച്ചുസത്യത്തിൽ വളരെ ആസ്വദിച്ച യാത്രയായിരുന്നു അത്. ഇടയ്കെപ്പോളൊക്കേയൊ കേരളത്തിൽ കുട്ടനാട്ടിൽ കൂടിയുള്ള യാത്രയുടെ ഒരു പ്രതീതി. പുരാതനമായ ഒരു പോർച്ചുഗീസ് ഭവനവും കൂടാതെ ബിഗ് ഫൂട്ടും ആണ് പ്രധാനമായും അവിടെ കാണാനുള്ളത്.



കാസ അരൗജോ അൽവെർസ് (Casa Araujo Alvares) എന്ന പുരാതന ഭവനം അനേകം പുരാവസ്തുക്കളും പ്രതിമകളുമടങ്ങിയ വളരെ മനോഹരമായ ഒരു മ്യൂസിയം ആണ്. 250 വർഷത്തിലധികം പഴക്കമുള്ള ഈ പുരാതന ഭവനം കൊളോണിയൽ കാലഘട്ടത്തെ ഒരു പ്രശസ്ത അഭിഭാഷകനായിരുന്ന യൂഫെമിയാണോ അരൗജോ അൽവെർസിന്റെ ഉടമസ്ഥതയിലായിരുന്നു.

കുറെയധികം ഹുക്കകൾ, പലതരം വിശറികൾ,നൂറു കണക്കിനു ഗണപതിയുടെ പ്രതിമകൾ, പഴമയുടെ പ്രതാപമോതുന്ന മൺപാത്രങ്ങൾ, പലതരം കുപ്പികൾ എന്നിങ്ങനെ കുറെയധികം പുരാവസ്തുക്കൾ. തീർച്ചയായും പഴയ ഗോവൻ പോർച്ചുഗീസ് സംസ്കാരത്തെപ്പറ്റി നമുക്ക് വ്യക്തതയാർന്ന ഒരു ചിത്രം സമ്മാനിക്കും ഈ മ്യൂസിയം. ഇത് കൂടാതെ കാർട്ടൂണിസ്റ്റ് മരിയോ മിറാൻഡയുടേതുൾപ്പെടെ പല പുരാതന ഭവനങ്ങളും മ്യൂസിയം ആയി നിലനിർത്തിയിരുന്നു.


പൗരാണിക ഗോവൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ
ഇനി ബിഗ് ഫൂട്ടിലേയ്ക്ക്. പ്രാചീന ഗോവൻ സംസ്കാരം ഇവിടെ പുനസൃഷ്ടിച്ചിരിക്കുന്നു. ഒരു വില്ലേജ് മോഡൽ  എന്ന് പറയാം.

                                                   ബിഗ് ഫൂട്ട് മ്യൂസിയം                                                         

പ്രൈവറ്റ് മ്യൂസിയം ആയ ഇതിന്റെ നടത്തിപ്പുകാരൻ ആർട്ടിസ്റ് മേന്ദ്ര ജോസെലിനോ അരൗജോ അൽവെർസ് ആണ്. പഴയ ഗോവൻ ഗ്രാമീണ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഒരു പകർപ്പാണിവിടം

ലാറ്ററൈറ്റിൽ വെറും  മുപ്പതു ദിവസം കൊണ്ട് കൊത്തിയെടുത്ത മീരാബായിയുടെ ശിൽപം ഇന്ത്യയിൽ ആദ്യത്തേതും ഏറ്റവും നീളം കൂടിയതുമാണ് (14m×5m). ഈ മനോഹരമായ  ശിൽപം ലിംക ബുക്കിലും ഇടം നേടിയിട്ടുണ്ട്നാച്ചുറൽ ഹാർമണി എന്നറിയപ്പെടുന്ന ഈ ശിൽപ്പത്തിന്റെ സൃഷ്ടിക്കു പിന്നിലും ജോസെലിനോ അരൗജോ അൽവെർസ് ആണ്.

നാച്ചുറൽ ഹാർമണി


ബിഗ് ഫൂട്ട് മ്യൂസിയം തുടങ്ങുന്നത് അമ്പെയ്തു നിൽക്കുന്ന പരശുരാമനിൽ നിന്നുമാണ്. മുൻപോട്ടു പോകുമ്പോൾ മുക്കുവരുടെയും വളക്കച്ചവടക്കാരുടെയും തുടങ്ങി ഒരു ഗ്രാമീണ അന്തരീക്ഷത്തിലെ എല്ലാവിധ കാര്യങ്ങളും അവിടെ പുനസൃഷ്ഠിച്ചിട്ടുണ്ട്. ഗോവൻ ഫെനി, അതിന്റെ ഗുണങ്ങൾ, നിർമാണം എന്നിവയെ പറ്റി വളരെ വിശദമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കുറച്ചുള്ളിലേയ്ക് നടക്കുമ്പോൾ പൂക്കളാൽ അലങ്കരിച്ച ബിഗ് ഫൂട്ട് കാണാം. അവിടെ പരിശുദ്ധമായ മനസുമായി  പ്രാർത്ഥിച്ചാൽ നല്ല ഭാഗ്യം വരുമെന്നാണ് ഗോവൻ ജനതയുടെ വിശ്വാസം.
ബിഗ് ഫൂട്ട് മ്യൂസിയം തുടങ്ങുന്നത് അമ്പെയ്തു നിൽക്കുന്ന പരശുരാമനിൽ നിന്നും

ബിഗ് ഫൂട്ട് മ്യൂസിയം - ചില കാഴ്ചകൾ

കുറെയധികം നാട്ടുചെടികളും ഔഷധസസ്യങ്ങളും ഉണ്ടെങ്കിലും അവ കുറച്ചുകൂടി നന്നായി പരിപാലിക്കപ്പെടേണ്ടതാനെന്നു തോന്നി. എന്തിരുന്നാലും ഞങ്ങളുടെ അഞ്ചുവയസ്സുകാരൻ മകനുൾപ്പെടെ എല്ലാവരും ആസ്വദിച്ച യാത്രയായിരുന്നു ലോട്ടോലിം വില്ലേജിലേയ്കുള്ളത് .

ഉച്ചഭക്ഷണത്തിനു ശേഷം കോൾവ  ബീച്ചിലേക്ക്കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം തിരികെ വാസ്കോയിലേക്ക്. അവിടെ ലോക്കൽ മാർക്കറ്റിൽ നിന്നും കുറച്ചു ഷോപ്പിംഗ് ..രണ്ടു ദിവസം കൊണ്ട്  ഗോവയിലൂടെ ഒരു ഓട്ടപ്രദക്ഷിണം. സമയം കൊണ്ട് പറ്റാവുന്നതിന്റെ മാക്സിമം സ്ഥലങ്ങൾ കണ്ടുതീർത്തു വീണ്ടും തിരികെ നാട്ടിലേയ്ക്ക്.






Tuesday, August 9, 2011

മാങ്ങാ സീസണില്‍ തമിഴ്നാടിലൂടെ ഒരു യാത്ര

ഒരു യാത്രവേളയില്‍ വെറുതെതോന്നിയതാണ്  കമ്പം വഴി കുമളി-യിലേയ്ക്കു പോയാലോ എന്ന്, പിന്നെ കൂടുതല്‍ ആലോചിച്ചില്ല.

പൂത്തു നില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍ ഒരു വശത്ത്,  മൂത്ത് പഴുത്തു കിടക്കുന്ന  മുന്തിരിക്കുലകള്‍, തോട്ടത്തിലെ മാമ്പഴം യാത്രക്കാർക്ക് വില്കുന്നതിനായി താത്കാലികമായി പണി കഴിപ്പിച്ച ചെറിയ കുടിലുകള്‍ (ഓരോ കിലോമീറ്റർ  ഇടവേളകളിലും ഇങ്ങനെ ചെറിയ കുടിലുകള്‍ കാണാം. തോട്ടത്തില്‍ നിന്നും പറിച്ചെടുക്കുന്ന മാങ്ങാ കുറഞ്ഞവിലയില്‍ ഇവിടെ നിന്നുംകിട്ടും)

മുന്തിരി സീസന്‍ ഏതാണ്ട് അവസാനിക്കാരായിരുന്നു .



പൂത്തുലഞ്ഞു കിടക്കുന്ന സൂര്യകാന്തിചെടികള്‍.  അതികഠിനമായ ചൂട്,  വൈകുന്നെരമാകണം ഒന്ന് തല പൊക്കി പിടിക്കാന്‍

കിട്ടാത്ത മുന്തിരി പുളിയ്ക്കും.തോട്ടത്തില്‍ കയറുന്നതിണോ ഫോട്ടോ എടുക്കുന്നതിനോ കുഴപ്പമില്ല. പക്ഷെ തൊടാനോ മുന്തിരി അടര്‍ത്തിഎടുക്കാനോ  പാടില്ല




About Me

My photo
വല്ലപ്പോഴും കിട്ടുന്ന ചെറിയ ഇടവേള കളില്‍ ഇവിടെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു.. വെറുതെ ...ഒരു രസം ... I'm not a standard writer with a great vocabulary. Whenever I have free time, I scribble something for my own mental satisfaction.