Sunday, September 27, 2020

മഷ്‌റൂം പിക്കിങ്‌/ മഷ്‌റൂം ഹണ്ടിങ്/Mushroom foraging

മഷ്‌റൂം പിക്കിങ്, ചെക്ക് റിപ്പബ്ലിക്കിലെ ഒരു പ്രധാന വിനോദങ്ങളിലൊന്നാണ്. വേനല്ക്കാലത്തിന്റെ അവസാനത്തോടെയും ശരത്കാലത്തിലും (August-September-October) ആണിവർ കൂൺ ശേഖരിക്കാൻ പോകുക. മഷ്‌റൂം കളക്ഷനോട്‌ ഏറ്റവും അഭിനിവേശം ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ചെക്കിയ അല്ലെങ്കിൽ ചെക്ക് റിപ്പബ്ലിക്ക് എന്ന് തന്നെ പറയാം.

ഇവിടെ ജനങ്ങളിൽ ഭൂരിഭാഗവും വർഷത്തിൽ ഒരിക്കലെങ്കിലും മഷ്റൂം പിക്കിംഗിന് പോകാറുണ്ട്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഈ ഹോബി ഉണ്ടെങ്കിലും  'മഷ്റൂം പിക്കിംഗ് സൂപ്പർ പവർ' ചെക്കിയ തന്നെ എന്നാണ് ഭാഷ്യം. മഷ്‌റൂം പിക്കിങ് ആയാസരഹിതമാക്കുന്നതിനായി ന്യൂറൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻസ് വരെയുണ്ട് (ഏതാണ്ട് ഇരുനൂറ്റിപ്പത്തോളം കൂണിനങ്ങളുടെ വിവരങ്ങൾ ഇതിൽ ഉണ്ട്) 

ഒരു ശനിയാഴ്ച രാവിലെ ചൂടുചായ കുടിച്ചുകൊണ്ട് പതിവുപോലെ പൂക്കളെയും കിളികളെയും വായിനോക്കി ഇരുന്നപ്പോളാണ്, വീട്ടുടമ ചോദിച്ചത്, ഫോറസ്റ്റിലേയ്ക്ക് വരുന്നോ എന്ന്. എനിക്ക് ചെക്കുഭാഷയും അവർക്കു ഇംഗ്ലീഷും അറിയില്ല എങ്കിലും ഭാഷ ഒരു തടസ്സമാവില്ല എന്ന് ഞങ്ങൾ തെളിയിച്ചു കൊണ്ടിരുന്നു. എൺപതുവയസ്സിനടുത്തു പ്രായമുള്ള വീട്ടുടമ (ഡോ. ഹിൽഡാ) ഒരു മെഡിക്കൽ ഡോക്ടർ കൂടിയാണ്. ഇവിടെ MUDr. (ഡോക്ടർ ഓഫ് മെഡിസിൻ) എന്നാണ് മെഡിക്കൽ ഡോക്ടറുമാരുടെ ടൈറ്റിൽ.  വെറ്ററിനറി ആണെങ്കിൽ MVDr., ദന്തൽ ആണെങ്കിൽ MSDr. 

ആദ്യം തന്നെ ശരീരം മുഴുവൻ കവർ ചെയ്യുന്ന വസ്ത്രങ്ങൾ ഇടണമെന്ന് ഡോ. ഹിൽഡാ പറഞ്ഞിരുന്നു. (കാട്ടിൽ നിന്നും ചില പ്രാണികളുടെ ശല്യത്തിൽ നിന്നും രക്ഷനേടുന്നതിന്). വെള്ളം, ബ്രഡ്, കൂൺ ശേഖരിക്കുന്നതിനുള്ള ചെറിയ ബാസ്കറ്റുകൾ, കത്തി, കോട്ട് (ഡ്രെസ്സിനുമുകളിൽ ധരിക്കുവാൻ), കീടനാശിനി,  എല്ലാം കരുതിയാണ് യാത്ര.



ഞങ്ങൾ താമസിക്കുന്ന ചെസ്‌കെ ബുഡജോവിസ് (ബഡ്‌വൈസർ) ൽ നിന്നും ഏതാണ്ട് മുപ്പതോളം കിലോമീറ്റർ അകലെ നോവഹർഡി യുടെ സമീപമുള്ള  ഒരു പൈൻ ഫോറസ്റ്റിലേക്കാണ് ഞങ്ങൾ പോയത്. 







കാടിന്റെ സമീപമെത്തിയശേഷം ആദ്യം തന്നെ ഓവർ കോട്ടൊക്കെ ഇട്ടു, കൂടാതെ പ്രാണികളുടെ ഉപദ്രവത്തിൽ നിന്നും രക്ഷനേടുന്നതിനു സ്പ്രേയും അടിച്ചു. ഇനി പതുക്കെ പൈൻ കാട്ടിനുള്ളിലേയ്ക്...

ശുദ്ധമായ വായു, ശാന്തമായ കാടും, പൈൻ മരക്കൂട്ടത്തിന്റെ ഇടയിലൂടെ ചാഞ്ഞും ചെരിഞ്ഞും നോക്കുന്ന സൂര്യൻ. അതിമനോഹരമായ ഫോറെസ്റ് കാനോപി. നിലം മുഴുവൻ പൈൻ കോണുകൾ. പായൽ പിടിച്ച മരക്കുറ്റികൾ ...


നിലത്തു പോഴിഞ്ഞു കിടക്കുന്ന പൈൻ കോണുകൾ 


ഡോക്ടർ, വഴികാട്ടിയായി മുന്നിൽ. വലിയതും പല കളറിലും ഉള്ള കൂണുകൾ ആദ്യമായി കണ്ടതിന്റെ ആഹ്‌ളാദത്തിൽ ഞാൻ പുറകെ. എനിക്ക് ആകപ്പാടെ നമ്മുടെനാട്ടിലുള്ള പാവക്കൂൺ, ചിപ്പിക്കൂൺ, അരികൂൺ, പിന്നെ കടയിൽ കിട്ടുന്ന ബട്ടൺ മഷ്‌റൂം ഇതൊക്കെയേ അറിയൂ. പിന്നെ ചിലതരം വിഷക്കൂണുകളും.  

പലതും കണ്ടപ്പോൾ സത്യത്തിൽ എനിക്ക് വിഷക്കൂണുകളായി തോന്നി. കൂടാതെ മുറിക്കുമ്പോൾ ഒരു കരിനീല കളറും. മെഡിക്കൽ ഡോക്ടർ ആണെങ്കിലും അവർ ഒരു Mushroom  expert  തന്നെ. ഞാൻ ഓരോ കൂണുകൾ കാണുമ്പോളും ഇത് കൊള്ളാമോ അത് കൊള്ളാമോ എന്നൊക്കെ ചോദിച്ചു കൊണ്ടേ ഇരുന്നു. പാവം അവർ എല്ലാം ക്ഷമയോടെ പറഞ്ഞു തന്നു. എത്ര വിദഗ്ദ്ധമായാണ് അവർ ഭക്ഷ്യയോഗ്യമായ കൂണുകൾ തിരിച്ചറിയുന്നത്. ഇവരുടെ പ്രധാന ഹോബി ആയതിനാൽ നല്ല പരിചയം ഉണ്ടാവണം. മഷ്‌റൂം ശേഖരിക്കുമ്പോൾ ഇനി വിഷക്കൂൺ ആണ് എന്നെങ്ങാനും  സംശയം തോന്നിയാലോ, ദൂരെ കളഞ്ഞേക്കുക, ഇതാണ് മഷ്‌റൂം പിക്കിങ്ങിലെ ഗോൾഡൻ റൂൾ.





പലതരം വിഷക്കൂണുകൾ 

നല്ല ഗോൾഡൻ കളർ ഉള്ളതും പിങ്ക് കളറുള്ളതും, എത്രയൊക്കെ തരം കൂണുകളാണ് ദ്രവിക്കാറായ പൈൻതടികളുടെ ചുറ്റും, പലവിധവര്ണങ്ങളിലും വലുപ്പത്തിലും. ഇലപൊഴിയും കാടുകളെ അപേക്ഷിച്ചു സ്തൂപിതാഗ്രവനങ്ങളിൽ (coniferous forest) ആണ് കൂടുതലും കൂണുകൾ കാണുക 

പോഴ്സിനി കൂൺ (Boletus edulis/ king bolete) എന്നറിയപ്പെടുന്ന ഒരു വലിയ ഇനം കൂണൊക്കെ ഞാൻ ആദ്യമായാണ് കാണുന്നത്. നല്ല കട്ടിയുണ്ടാവും, വലിയ ഗിൽസും. നല്ല fleshy എന്ന് പറയാം. ബ്രൗൺ കളർ തൊപ്പിയോടു കൂടിയ ഈ കൂൺ ഇവരുടെ പ്രിയപ്പെട്ട വിഭവം ആണ്. 

ഗിറോല്ലേ (girolle or Chanterelle/Cantharellus cibarius)) എന്നറിയപ്പെടുന്ന ഗോൾഡൻ കളറുള്ള കൂണുകൾ കൂട്ടം കൂടി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ഒരിക്കൽ ഫാർമേഴ്‌സ് മാർക്കെറ്റിൽ പോയപ്പോൾ അവിടെ നല്ല ഗോൾഡൻ ബ്രൗൺ നിറമുള്ള ഉണങ്ങിയ കൂണുകൾ കണ്ടിരുന്നു. കുറെ നേരം വാങ്ങണോ വേണ്ടയോ എന്നാലോചിച്ചു നിന്നെങ്കിലും വാങ്ങിയില്ല. എന്താ സംഭവം എന്നറിയില്ലല്ലോ. അന്ന് വിചാരിച്ചതു ചിലപ്പോൾ കളർ ചേർത്തതാവും എന്നാണ്. ഇപ്പോളാണ് ഈ കൂണുകളെപ്പറ്റി കൂടുതൽ മനസിലായത് 


ഞങ്ങൾ ശേഖരിച്ച കൂണുകൾ











Chanterelle

        ഫാർമേഴ്‌സ് മാർക്കെറ്റിൽ വിൽക്കാൻ വച്ചിരിക്കുന്ന  
Chanterelle കൂണുകൾ 

ശേഖരിച്ച കൂണുകൾ ഇവർ പല ആവശ്യങ്ങൾക്കായി തരം തിരിക്കും. ചെറിയവ മിക്കവാറും അപ്പോൾ തന്നെ സൂപ്പിനും മറ്റുമായി. ചിലതു മുട്ട അടിച്ചതിൽ പൊതിഞ്ഞു പൊരിച്ചെടുക്കും. വലിയ കൂണുകൾ ചെറുതായി മുറിച്ചു നന്നായി ഉണങ്ങി കരുതിവയ്ക്കും, വരാനിരിക്കുന്ന അതിശൈത്യകാലത്തേയ്ക്ക്. മഞ്ഞുവീഴ്ചതുടങ്ങിയാൽ ഒന്നും തന്നെയുണ്ടാവില്ലല്ലോ. 

കൂണൊക്കെ ശേഖരിച്ചു വരുന്ന വഴി ഒരു പഴയ കോട്ടയും (Nové Hrady Castle) കണ്ടു വൈകുന്നേരത്തോടെ ഞങ്ങൾ തിരികെ വീട്ടിൽ എത്തി. കുറച്ചു സമയം വിശ്രമിച്ചു ഒരു ചായയൊക്കെ കുടിച്ചു നോക്കുമ്പോൾ അവർ കൂൺ വൃത്തിയാക്കുന്നു. ഞാനും കൂടെ കൂടി. 

ശേഖരിച്ച കൂണൊക്കെ നന്നായി വൃത്തിയാക്കി. പിന്നീട് വലിയ കൂണുകൾ ചെറുതായി മുറിച്ചു പലതട്ടുകളുള്ള ട്രേകളിൽ നന്നായി അടുക്കി നിരത്തി ഉണങ്ങാൻ വച്ചു. എനിക്കിതെല്ലാം ആദ്യ അനുഭവമായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും അറിയാത്ത ഭാഷയിൽ ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു. ഭാഷ ഏതായാലും രണ്ടുപേർക്കും കാര്യം ഏതാണ്ടൊക്കെ മനസിലാവുന്നുണ്ടായിരുന്നു. 

അന്നത്തെ ഡിന്നർ ഡോക്ടറുടെ വകയായിരുന്നു, മഷ്‌റൂം പൊരിച്ചതും (mushroom Schnitzel) സൂപ്പും പിന്നെ വെജിറ്റബിൾ കറിയും . കൂടാതെ ട്രഡീഷണൽ ചെക്ക് ബ്രെഡും. നല്ല നാടൻ കൂൺ, മുട്ടയും കുരുമുളകും മറ്റും ചേർത്ത്  റൊട്ടി പൊടിയിൽ പൊതിഞ്ഞു പൊരിച്ചെടുത്തത് ആദ്യമായാണ് ഞാൻ കഴിക്കുന്നത്. എനിക്ക് ടേസ്റ്റ് ഇഷ്ടമായി.  നമ്മൾ ഇന്ത്യൻസ് കൂടുതൽ സ്‌പൈസി ഫുഡ് കഴിക്കും എന്നതിനാൽ  എനിക്ക് വേണ്ടി അവർ സ്‌പൈസി ആയിട്ടാണ് ഉണ്ടാക്കിയത്, എന്തായാലും ഇതെല്ലാം തന്നെ പണ്ടേ ഒരു കൂൺ കൊതിച്ചി ആയ ഞാൻ ശരിക്കും ആസ്വദിച്ചു. 

ട്രഡീഷണൽ ചെക്ക് ഡിന്നർ 

കൂൺ തീയൽ 


കൂൺ ഓംലറ്റ് 

കുറെ കൂണുകൾ ഞാൻ വറുത്തരച്ചു തീയൽ വച്ചു. കൂടാതെ ചെറുപ്പകാലത്തെ ഓർമയിൽ ഓംലെറ്റും (ചെറുപ്പകാലത്തെ അമ്മയുടെ തറവാട്ടിൽ അരിക്കൂൺ വച്ച് കുഞ്ഞമ്മ ഓംലറ്റ് ഉണ്ടാക്കിത്തരുമായിരുന്നു). കൂൺ ഇടയ്ക്കിടെ  ഉപയോഗിക്കുമെങ്കിലും ഏതാണ്ട് എട്ടൊമ്പത് വർഷങ്ങൾക്കുശേഷമാണ് നാടൻ കൂണുകൾ കിട്ടുന്നത് (തനിയെ മുളച്ചു വരുന്നവ). കടയിൽ നിന്നും മേടിക്കുന്നതും നമ്മൾ വളർത്തുന്ന കൂണുകൾക്കൊന്നും തന്നെ ഈ രുചി കിട്ടാറില്ല. എന്നിരുന്നാലും ഇവരുടെ പരമ്പരാഗത വിനോദത്തിൽ യാദൃശ്ചികമായി കിട്ടിയ അവസരം വളരെ നല്ല ഒരു അനുഭവമായിരുന്നു.

ചെക് റിപ്പബ്ലിക്കിലെ കൂണുകളുടെ അതിമനോഹരമായ ചിത്രങ്ങൾ (by Jaroslav Malý, an amateur mycologist, also a  member of Czech Mycologic Associaion) ഈ ലിങ്കിൽ കിട്ടും https://www.naturephoto-cz.com/mushrooms.html)


About Me

My photo
വല്ലപ്പോഴും കിട്ടുന്ന ചെറിയ ഇടവേള കളില്‍ ഇവിടെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു.. വെറുതെ ...ഒരു രസം ... I'm not a standard writer with a great vocabulary. Whenever I have free time, I scribble something for my own mental satisfaction.