Tuesday, June 23, 2009

പൊന്മുടി- കല്ലാര്‍: ഏകദിന യാത്രയില്‍ നിന്നും.........

ഒരുപാടു നാളായി  ഒരു കൊച്ചുയാത്ര പോകണമെന്ന് ലാബില്‍ എല്ലാവരും പ്ലാൻ ചെയ്യുന്നു. സൗകര്യമായി ഒരു ദിനം ഒത്തു വന്നത് ഈ അടുത്താണ്. എവിടെ പോകണം, എങ്ങനെ?  അതായി പിന്നെ എല്ലാവരുടെയും ചിന്ത.

ഞങ്ങളുടെ ലാബിലെ സീനിയറും ഫോട്ടോഗ്രാഫറും ആയ ചേട്ടന്‍ യാത്ര മാഗസിനും കയ്യില്‍ പിടിച്ചു തല പുകഞ്ഞു ആലോചനയിലാണ്അവസാനം തീരുമാനിച്ചുഒറ്റ ദിവസം അല്ലേയുള്ളൂ , ചെറിയ ഒരു യാത്ര മതി. 

     പൊന്മുടി -കല്ലാര്‍-മീന്മുട്ടി...ആയാലോ?  എല്ലാവര്ക്കും നൂറുവട്ടം സമ്മതം.

വണ്ടി ബുക്ക്‌ ചെയ്യാന്‍ ചെന്നപ്പോള്‍ അവരുടെ വക ചോദ്യംഇപ്പോള്‍ പൊന്മുടി സീസന്‍ അല്ലല്ലോ

ഹേയ് സീസണോ ...   ഞങ്ങൾക്കതൊന്നും ഒരു പ്രശ്നമേ അല്ല. 

അങ്ങനെ രാവിലെ ഏതാണ്ട് ആറുമണിയോടെ ഞങ്ങൾ  യാത്ര ആരംഭിച്ചു.


കോരിച്ചൊരിയുന്ന മഴ....
പൊന്മുടി പോകാൻ പറ്റിയ സമയം.
ഇന്നലെ വരെ മഴ എവിടെയായിരുന്നു ....

വിതുരയിലെതിയപ്പോളാണ് പ്രാതല്‍ കഴിച്ചാലോ എന്ന് വിചാരിച്ചത്.
നോക്കുമ്പോള്‍ ഒറ്റ ഹോട്ടല്‍ തുറന്നിട്ടില്ല .
ഇനി വല്ല ഹര്‍ത്താലോ മറ്റോ ?

എല്ലാവര്ക്കും നല്ല വിശപ്പുണ്ടായിരുന്നു. ആരും ഒന്നും കരുതിയിട്ടും ഇല്ല. അവസാനം എന്തെങ്കിലും കിട്ടിയാൽ മതി എന്നായി. കുറെയധികം അന്വേഷണത്തിനൊടുവിൽ  ഒരു ഹോട്ടൽ കണ്ടു പിടിച്ചു അപ്പവും ഉള്ളിക്കറിയുമൊക്കെ കഴിച്ചു വിശപ്പടക്കി വീണ്ടും യാത്ര 

കല്ലാറില്‍ എത്തിയപ്പോള്‍ എട്ടര കഴിഞ്ഞുആന ഇറങ്ങിയതിനാല്‍ ഇപ്പോള്‍ കയറ്റില്ലാത്രേഎങ്കിൽ തിരിച്ചു വരുമ്പോൾ കയറാം എന്നുള്ള പ്രതീക്ഷയിൽ 
നേരെ വച്ചു പിടിപ്പിച്ചുപൊന്മുടിയിലേയ്ക്ക് .



ദൂരെനിന്നുള്ള കാഴ്ച്ച : മഞ്ഞു തലപ്പാവാക്കിയ മലനിരകള്‍


നല്ല കോട മഞ്ഞ് ....കുട്ടിക്കാനവും മൂന്നാറും പോലെ ഒരു പ്രതീതി.


കോടമഞ്ഞ്‌ 


ആദ്യം
വഴി തെറ്റി ഒരു സ്ഥലത്തെത്തി എങ്കിലും മനോഹരമായിരുന്നു സ്ഥലം...



വഴി തെറ്റിയത് നന്നായി




വളഞ്ഞു പുളഞ്ഞ വഴികളിലൂടെ വണ്ടി തിരിച്ചു വിട്ടു
മഴ ചെറുതായി ഒന്നും ശമിച്ചിരുന്നു. പക്ഷെ ലക്ഷ്യസ്ഥാനത്തെത്തിയപ്പോളേക്കും വീണ്ടും മഴ കനത്തു. കോടമഞ്ഞും. 

വരാന്‍ കണ്ട സമയംഎല്ലാവരും പിറുപിറുക്കുന്നുണ്ടായിരുന്നു.

കോടമഞ്ഞില്‍ വൃക്ഷ തലപ്പുകള്‍ക്ക് അതിശയകരമാം ഭംഗി തോന്നിച്ചു .

കൊച്ചു കുട്ടികൾക്കായി  ഉള്ള സീസോയിൽ നമ്മുടെ  മുതിർന്ന സഹോദരങ്ങൾ കയറി വിലസുന്നു. പ്രായമൊക്കെ വെറും ഒരു നമ്പർ മാത്രം. ഭാരം താങ്ങിയാൽ മതിയായിരുന്നു 😆😆



ഇളം മഞ്ഞില്‍ വൃക്ഷത്തലപ്പുകള്‍


K.T.D.C യുടെ ഹോട്ടലില്‍ നിന്നും  ചൂടുചായ ആവിപറത്തി ആസ്വദിച്ച് കുടിച്ചശേഷം  കുറെയധികം നടന്നു. കുറെയധികം അട്ടയുള്ള സ്ഥലമാണെന്ന് അറിയാവുന്നതിനാൽ എല്ലാവരും സൂക്ഷ്മദൃഷ്ടിയൂടെയാണ് ഓരോ പടവുകളും ചവിട്ടുന്നത് 


കൂടെയുള്ള പ്ലസ്-ടു ടീച്ചറും കൂടിയായ ചേച്ചി ഫോട്ടോസ് എടുത്തു തകര്‍ക്കുന്നു.  കാടും പള്ളയും ഒന്നും വെറുതെ വിടുന്നില്ല.  പണ്ടേ ഒരു ചെടിഭ്രാന്തി ആയതിനാൽ  ഞാനും കൂടെ കൂടി.


lichens

              നടന്നു നടന്നു അങ്ങ്  താഴ്വാരത്തിലേക്കെത്തി. 
ഇനി തിരിച്ചു വീണ്ടും മുകളിലേയ്ക്ക്.
അങ്ങോട്ട് പോയ സുഖം തിരിച്ചു വന്നപ്പോള്‍ ഇല്ല.  കയറ്റമല്ലേ

മുകളില്‍ എത്തിയപ്പോള്‍ ഒന്നുരണ്ടു പേരുടെ ഡ്രെസ്സില്‍ അട്ട.

ഞാൻ കുറെ കളിയാക്കി.

ദൈവം ശിക്ഷിച്ചു😀 .
പണ്ടൊക്കെ പിന്നെ പിന്നെ ..ഇപ്പോള്‍ അപ്പോള്‍ തന്നെ...
വെറുതെ കാലില്‍ നോക്കിയതാണ്. ചോര കുടിച്ചു വീര്‍ത്തു ഒന്ന് രണ്ടെണ്ണം .
അയ്യോ അട്ട....!!! തട്ടികളയാൻ  നോക്കിയിട്ടു ഒരു രക്ഷയും ഇല്ല .
ആദ്യമായിട്ടാണ് അട്ട  കടിക്കുന്നത്.
 കുറെയധികം ചോര പൊടിഞ്ഞു..

(ഇതെന്നെ കടിച്ച അട്ട അല്ല... അത് ഇതുപോലെ ചുള്ളിയല്ലാരുന്നു,  ചോര കുടിച്ചു, തടിച്ചു വീര്‍ത്തു ..........)


പിന്നീട് നേരെ പാറപ്പുറത്തേയ്‌ക്ക്‌ ..
പൊടിയുന്ന മഴത്തുള്ളികളും  കോടമഞ്ഞും.
നല്ല വഴുക്കലുണ്ടായിരുന്നു എങ്കിലും  പതുക്കെ കയറി.
അതി മനോഹരമായ കാഴ്ച്ച .


വീണ്ടും മഴയുടെ ശക്തി കൂടി. താഴ്വാരങ്ങളില്‍ ഒരുപാടിനം ഓർക്കിഡ് പുഷ്പങ്ങൾ   ഉണ്ടത്രേപോകണമെന്നുണ്ടായിരുന്നു എങ്കിലും  കനത്തമഴയും മഞ്ഞും അനുവദിച്ചില്ല...

തിരികെ വീണ്ടും കല്ലാറിലേയ്ക്ക്...
നിറയെ ഉരുളന്‍ കല്ലുകള്‍ ..വെറുതെയല്ല കല്ലാര്‍ എന്ന പേര് ..


കല്ലാറിലെ പളുങ്കു പോലെയുള്ള വെള്ളം  



ഇനി കാടിന്റെ ഉള്ളിലേയ്ക്ക്, വഴികളും കാടും നല്ല നിശ്ചയമുള്ള ഒരു  ഗൈഡും ഉണ്ടാവും ഈ യാത്രയിൽ. മുൻപ് പല അപകടങ്ങളും നടന്നിട്ടുള്ള സ്ഥലമാണ്. അതിനാൽ ഗൈഡിന്റെ കൂടെ മാത്രമേ യാത്ര അനുവദിക്കൂ. 

കയറുമ്പോളേ  എഴുതി വച്ചിട്ടുണ്ട്..
"കാടത്തം ഉപേക്ഷിക്കുക"  
എത്രമാത്രം സത്യമാണെന്നു ഓരോരുത്തരും അവരുടെ മനസാക്ഷിയോട് ചോദിച്ചാൽ വ്യക്തം. 






മീന്മുട്ടിയിലെയ്ക്കുള്ള വഴികളിലൂടെ


കുറെയധികം (ഏതാണ്ട് ഒരു രണ്ടു കിലോമീറ്ററോളും) നടക്കണമത്രേ വെള്ളച്ചാട്ടത്തിലേയ്ക്. പക്ഷെ തീരെ മടുപ്പുതോന്നാത്ത യാത്ര. വലിയ വൃക്ഷങ്ങളുടെ വേരുകൾ അവിടവിടായി, പലരൂപങ്ങളിൽ, പ്രകൃതിയുടെ വികൃതികൾ. 



മഴയായതിനാല്‍ വെള്ളം  പൊങ്ങാൻ സാധ്യതയുണ്ട്.
പെട്ടുപോയാൽ തിരികെ വരുക ദുഷ്കരമാകും എന്ന് ഗൈഡ് ഓർമിപ്പിച്ചു. 

ഒരു  ആറു കടന്നു വേണം വെള്ളച്ചാട്ടത്തിലേയ്ക് പോകാൻ. അധികം വെള്ളമില്ല എങ്കിലും അടിയൊഴുക്ക് ശക്തമാണ്. കുറുകെ കെട്ടിയിരിക്കുന്ന വടത്തിൽ പിടിച്ചേ അപ്പുറം കടക്കാവൂ. ചിലപ്പോൾ മലവെള്ള പാച്ചിൽ ഉണ്ടാകുന്ന സ്ഥലമാണ്. (കുറെയധികം അപകടങ്ങൾ നടന്നിട്ടുള്ളതാണ് ഇവിടെ. അതിനാൽ ഗൈഡ് പറയുന്നത് അനുസരിക്കണം, അവർക്കു കാട് നന്നായി അറിയാം).


ഇതിലെയാണ് ക്രോസ് ചെയ്യുക.. സൂക്ഷിച്ചു നോക്കിയാല്‍ വടം കാണാം ഇതില്‍ പിടിച്ചു പിടിച്ചു വേണം പോകാന്‍..ശാന്തമെന്നു തോന്നുമെങ്കിലും അതിശക്തമാണ് അടിയൊഴുക്ക്


പാറക്കെട്ടുകള്‍ നിറഞ്ഞ കല്ലാര്‍


പതുക്കെ വടത്തിൽ പിടിച്ചു മുൻപോട്ട്. സത്യം തന്നെ. ശക്തിയായ അടിയൊഴുക്കുണ്ട്. കയറിലെ പിടിവിട്ടാൽ ചിലപ്പോൾ വീണു പോകാം. 
ഞങ്ങള്‍ മുന്പേ നടന്നുപേടിയൊന്നും തോന്നിയില്ല.

കൂടെയുണ്ടായിരുന്ന ഇളമുറക്കാരിയുടെ കണ്ണില്‍ നിന്നും വെള്ളം കുടുകുടാ ചാടുന്നു, പേടിച്ചിട്ടാണ് .. പ്രേതത്തെ മുന്‍പില്‍ കണ്ടു പേടിച്ച അവസ്ഥ. ഒരാൾ തിരികെ പോയി പതുക്കെ കയ്യിൽ പിടിച്ചേ ഇപ്പുറം എത്തിച്ചു .

ഇനിയും കുറെദൂരം നടക്കണം.
ആരോ പറഞ്ഞു, ആനയുടെ മണം!!!.. ആന ഇതുവഴി പോയിട്ടുണ്ടെന്ന് ഗൈഡും ഉറപ്പിച്ചു. 
കാട്ടിൽ വച്ചു ആനകുത്ത്തി ചാകാനാണോവാ വിധി.

കാടിന്റെ വശ്യമനോഹാരിതയും ശുദ്ധമായ വായുവും എല്ലാം ആസ്വദിച്ച്, മനുഷ്യന്റെ വൻകൈകടത്തലുകളില്ലാത്ത ഒരു മനോഹരമായ വെള്ളച്ചാട്ടത്തിലേയ്ക്. 

(കാട്ടിൽ കുറെയധികം ഉള്ളിലായാണ് ഈ അതിമനോഹരവും എന്നാൽ വളരെ അപകടം പിടിച്ചതുമായ ഈ വെള്ളച്ചാട്ടം.
ഒരുപാട് പേര് അപകടത്തിൽ പെട്ടിട്ടുള്ളതാണെന്നു ഗൈഡ് പറയുന്നുണ്ടായിരുന്നു)

ആഴക്കയം സൂക്ഷിക്കുക ...ഒരു ഭാഗത്തായി ബോര്‍ഡ്‌  വച്ചിരിക്കുന്നു 

മീന്മുട്ടി വെള്ളച്ചാട്ടം


കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം വീണ്ടും തിരികെ. ആറിൽ  ജലനിരപ്പ് ഉയർന്നിരുന്നു. ഇങ്ങോട്ടു വന്നതിലും കുറച്ചൂടെ ദുഷ്‌കരമായിരുന്നു തിരിച്ചുള്ള പോക്ക്. പിടിവിട്ടാല്‍ പോയത് തന്നെകാരണം അടിയൊഴുക്ക് അതിശക്തം.  
(ഈ പുഴ കടക്കുമ്പോളാണ് പണ്ട് കുറെ മെഡിസിൻ പഠിക്കുന്ന കുട്ടികൾ ഒഴുക്കിൽ പെട്ട് മരണപ്പെട്ടത് എന്ന് ഗൈഡ് അപായ സൂചന തരുന്നുണ്ടായിരുന്നു. പക്ഷെ ഞങ്ങൾ ഗൈഡ് പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു. കാടിന്റെ മനസ്സും അപകട വഴികളും അവർക്കു നന്നായി അറിയാം)

സത്യത്തില്‍ കാടിന്റെ ഭംഗി ആസ്വദിച്ചത് തിരികെ വന്നപ്പോളാണ്...

വന്യഭംഗി



ചുററിപ്പിടിച്ചു കിടക്കുന്ന കാട്ടുവള്ളികള്‍




വലിയ പാറയില്‍ നിന്നും താഴേയ്ക്ക് തൂങ്ങി കിടക്കുന്ന കാട്ടു വള്ളികള്‍





വളഞ്ഞു പുളഞ്ഞു കാട്ടുവള്ളികൾ  തൂങ്ങിയ ഇടവഴികളിലൂടെ പതിയെ, കാടിനെയറിഞ്ഞു  ശബ്ദമുണ്ടാക്കാതെ നടന്നു. കാടിനെ ബുദ്ധിമുട്ടിക്കരുത് എന്നാണ് നിയമം. ഒരു വലിയ പാറയുടെ സമീപം എത്തിയപ്പോൾ  കുറച്ചുസമയം വിശ്രമിച്ചു. പാറ എന്നൊന്നും പറയാന്‍ പറ്റില്ല, വലിയ ഒരു ഗുഹ പോലെയുണ്ട്. പണ്ടത്തെ സിംഹരാജാവോക്കെ താമസിച്ച സ്ഥലമാവാം 😅.

മിക്കവാറും എല്ലാവരുംതന്നെ ജംഗിൾബുക്ക് ഓർക്കാനാണ് സാധ്യത. ഒരു വലിയ പാറയും, കുറെ തൂങ്ങിയാടുന്ന കാട്ടുവള്ളികളും. ബഗീരനും. കുട്ടിയായിരുന്നപ്പോൾ മാത്രമല്ല ഇപ്പോളും ഞാൻ ഒരു ജംഗിൾബുക്ക് ആരാധികയാണ്.



സൂര്യകിരണങ്ങള്‍ മരച്ചില്ലകളുടെ ഇടയിലൂടെ ഒളിഞ്ഞു നോക്കാന്‍ തുടങ്ങി..മഴ മാറിയതിന്റെ ലക്ഷണം


പാമ്പുകളെ പോലെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികൾ,  വലിയ മരപ്പൊത്തുകളും. ചീവിടുകളുടെ കാതടപ്പിക്കുന്ന കരച്ചിലും, കിളികളുടെ കളകൂജനവുംകാടിന്റെ മാസ്മരിക സൌന്ദര്യം! 

സത്യം മനുഷ്യന്‍ തന്നെ പരിസ്ഥിതിയുടെ നാശത്തിന്റെ മുഖ്യഹേതു.

കുറെയധികം നടന്നപ്പോൾ കല്ലാറിലെ ചിത്രശലഭങ്ങൾ എന്നൊരു ബോർഡ് കാണാനായി. പക്ഷെ ഒരൊറ്റ ചിത്രശലഭത്തെ പോലും കണ്ടില്ല .




തിരികെ ഇറങ്ങുമ്പോള്‍ ശരിക്കും ഒരു നഷ്ടബോധം
വീണ്ടും വരണമെന്നുള്ള  തോന്നല്‍.
ഇനിയും ഒരിക്കല്‍ കൂടി വരണമെന്നാഗ്രഹിച്ചു കൊണ്ടു തിരികെ ...

വൈകുന്നേരം ഏതാണ്ട് ഏഴുമണിയോടെ ഞങ്ങൾ തിരികെ എത്തി ... 
അപ്പോളാണ് പേടിച്ചു വിറച്ചു ഞങ്ങളെയും കൂടി ഇടയ്ക്ക് ഭയപ്പെടുത്തിയ ആളുടെ ചോദ്യം ..
ഇനി എന്നാ നമ്മുടെ അടുത്തയാത്ര  ...???

About Me

My photo
വല്ലപ്പോഴും കിട്ടുന്ന ചെറിയ ഇടവേള കളില്‍ ഇവിടെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു.. വെറുതെ ...ഒരു രസം ... I'm not a standard writer with a great vocabulary. Whenever I have free time, I scribble something for my own mental satisfaction.