Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

Wednesday, November 18, 2020

മെയ്ഡെൻ സ്റ്റോൺ/ദിവ്സി കാമെൻ

ദിവ്സി കാമെൻ  അഥവാ മെയ്ഡെൻ സ്റ്റോൺ-പഴയകാല ഗോഥിക് രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഒരു സ്മാരകസൗധം. 

മധ്യകാലഘട്ടത്തിൽ (1349-ൽ) ബൊഹീമിയയിലെ ആഢ്യകുടുംബമായിരുന്ന റോസെൻബർഗ് ഫാമിലിയാണ് ദിവ്സി കാമെൻ എന്ന ഈ കോട്ട പണികഴിപ്പിച്ചത്. 1506 -ഇൽ അവരതു ഉപേക്ഷിച്ചു പോകുകയും ചെയ്തു 

സൗത്ത് ബൊഹീമിയയിൽ, ചെസ്‌കെ ബുഡജോവിസിന്റെയും ചെസ്‌കി ക്രുമുലോവിന്റേയും ഇടയിലുള്ള വളരെ ചെറിയ ഒരു ഗ്രാമപ്രദേശമായ ട്രിസോവിലാണ് ‌ മനോഹരമായ ഈ പഴയകാലകോട്ടയുടെ ശേഷിപ്പുകൾ നിലനിൽക്കുന്നത്.  

റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നു വേണം കാസ്റ്റിലിലേയ്ക്ക് പോകാൻ. കുറെ ദൂരം സൈക്കിളും  ഉപയോഗിക്കാൻ കഴിയും. 

ചെക്ക് റിപ്പബ്ളിക്കിൽ ഇതുപോലെ ഏതാണ്ട് രണ്ടായിരത്തോളം കോട്ടകൾ ഉണ്ട് . എല്ലായിടങ്ങളും നല്ലരീതിയിൽ പരിപാലിച്ച്  അവർ ടൂറിസത്തിനായി ഉപയോഗിക്കുന്നു.  


Trisov Railway station/ട്രിസോവ് റെയിൽവേ  സ്റ്റേഷൻ 

      Trisov-the village beauty
ശാന്തസുന്ദരമായ ഒരു കൊച്ചു ഗ്രാമം.


ദിവ്-സി-കാമെനിലേയ്ക്കുള്ള യാത്രയുടെ തുടക്കത്തിൽ പുല്തകിടികളാണെങ്കിൽ മുൻപോട്ടു പോകും തോറും വനപ്രദേശമാണ്. കുറെയധികം പൈൻ മരങ്ങളും കൂടാതെ  പലതരം പന്നൽച്ചെടികളും  (ferns), മിക്കതും ആദ്യമായി കാണുന്നവ. സത്യത്തിൽ ജൈവവൈവിധ്യത്തിന്റെ കലവറ തന്നെ. 


തുടക്കത്തിലുള്ള  നിരപ്പായ പ്രദേശങ്ങൾ 

(കുന്നിറങ്ങി ചെല്ലുമ്പോൾ താഴ്വാരത്തിൽ  വീണ്ടും ഒരു ചെറിയ കുന്ന്)



കുന്നിറങ്ങി നിരപ്പായ പ്രദേശത്തെത്തുമ്പോൾ അവിടവിടെയായി ഒന്ന് രണ്ടു വീടുകൾ. പ്രകൃതി ഭംഗി അവര്ണനീയം. അവിടവിടായി മേയുന്ന പശുക്കൾ. ശാന്തസുന്ദരമായ അന്തരീക്ഷം. ഞാൻ ഇടുക്കിയിൽ ജനിച്ചു വളർന്നത് കൊണ്ടാകാം എനിക്ക് നാട്ടിൽ തൊടിയിലൂടെ നടക്കുന്ന പ്രതീതിയാണ് തോന്നിയത്.  പ്രത്യേകിച്ചും അമ്മയുടെ നാടായ പത്തുമുറിയാണ്  (കുമളിയിൽ) ഓര്മ വന്നത്. ഏലക്കാടും വലിയ മരങ്ങളും ചെറു അരുവികളും...

 

ഇനിയും കുറെയധികം മുൻപോട്ടു പോകണം. കാട്ടുവഴികളിലൂടെ...


on the way to castle






കാട്ടുവഴിയുടെ ഒരു വശത്തായി നല്ല തെളിഞ്ഞ ഒരു ചെറിയ  ആറുണ്ട്. നിറയെ ഉരുളൻ കല്ലുകളും. ശരിക്കും നമ്മുടെ കല്ലാർ പോലെ  (തിരുവനന്തപുരം-പൊന്മുടി-കല്ലാർ). അതിലെ ഒന്ന് രണ്ടു ചെറിയ ബോട്ടുകളും കണ്ടു. 

ഇവിടെ കൊച്ചുകുട്ടികൾ സഹിതം ട്രെക്കിങ്ങ് പോകാറുണ്ട്. ആരോഗ്യകരമായ ഒരു വിനോദം.

യാത്രയിലുടെനീളം ചെറിയ മഴച്ചാറ്റൽ ഉണ്ടായിരുന്നു. കോവിഡ് കാലഘട്ടമായതിനാൽ മാസ്കും ധരിച്ചിരുന്നു. കുറെ മുൻപോട്ടു പോയപ്പോൾ ആരും തന്നെ ഇല്ലാതിരുന്നതിനാൽ മാസ്ക് ഒക്കെ മാറ്റി ആശ്വാസത്തോടെ നടക്കാൻ സാധിച്ചു. 

പഴയകാലത്തെ ചില കിടങ്ങുകളും ഒരു വലിയ കെട്ടിടവും ഇടവഴിയിൽ കണ്ടിരുന്നു. കുറച്ചുനാൾ മുൻപ് വരെ അവിടെ ആൾത്താമസം ഉണ്ടായിരുന്നത്രെ, കൂടുതൽ വിവരങ്ങൾ കിട്ടിയില്ല, എനിക്ക് ചെക്ക് ഭാഷ അറിയാത്തതു ഒരു കാരണം ആണ്. മിക്കതും ഗൂഗിൾ ട്രാൻസ്ലേഷൻ വഴിയാണ് മനസ്സിലായത്. ചിലയിടങ്ങളിൽ, കല്ലുകളിൽ  ഏതുഭാഷയാണെഴുതി വച്ചേക്കുന്നതു എന്ന് പോലും മനസിലായില്ല


കാട്ടുചെടികൾ പടർന്നു കിടക്കുന്ന വലിയ കോട്ടമതിൽ  


കാസ്റ്റിലിലേക്കുള്ള വഴിയിൽ ഉള്ള പഴയ ഒരു കോട്ട, നിറയെ വള്ളിപ്പടർപ്പുകളുമായി, നശിച്ചു തുടങ്ങിയ കൽഭിത്തികളിൽ,  കാട്ടു കടുക് പൂത്തു നിൽക്കുന്നു.

പണ്ടുകാലത്തെ കാവൽക്കാർ ഉപയോഗിച്ചിരുന്നതെന്നു ആരോ പറഞ്ഞു, സത്യാവസ്ഥ അറിയില്ല, എന്നിരുന്നാലും ഈ കോട്ടയുടെ പുറകിൽ വളരെ പഴയ വലിയ ഒരു മതിലും ഇരുമ്പു പടികളും, പിന്നെ എന്തൊക്കെയോ ചരിത്രാവശിഷ്ടങ്ങളും  കാണാം.



മുന്പോട്ടുള്ള യാത്രയിൽ  കാട്ടുപാതയിൽ അവിടവിടായി പാറക്കൂട്ടങ്ങളിൽ ചില ക്രൈസ്‌തവ രൂപങ്ങളും ഉണ്ട്. യാത്രികൾ അവിടെ പൂക്കളും മറ്റും അർപ്പിച്ചിട്ടുണ്ട്. എല്ലാം വളരെ വൃത്തിയായി പരിപാലിക്കുന്നുണ്ട് എന്ന് തീർച്ച. 

കോട്ടയുടെ കവാടത്തിൽ എത്തുന്നതിനു കുറച്ചു മുൻപായി കുട്ടികൾക്ക് കളിക്കുന്നതിനുള്ള സ്ഥലവും വേണമെങ്കിൽ ക്യാമ്പ് ഫയർ നടത്തുന്നതിനുള്ള സൗകര്യവും ഉണ്ട്. ഞങ്ങൾ അവിടെയിരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. 

                                                           (Camp fire location)








പ്രവേശനകവാടത്തിൽ ഒരു ചെറിയ കൌണ്ടർ ഉണ്ട്. അവിടെ നമുക്ക് ടിക്കറ്റ് എടുക്കാം. പ്രവേശനഫീസ്  മുതിർന്നവർക്ക്  60 kc യും  (ചെക്ക് കൊറുണ, ഏകദേശം 200 രൂപ) കുട്ടികൾക്ക് 30kc യും ആണ്. സ്റ്റുഡൻറ്സ് നു ഐഡന്റിറ്റി കാർഡ് കാണിച്ചാൽ ഫീസിളവ് ഉണ്ട്.  അതിനോട് ചേർന്ന് ചെറിയ കഫെ പോലെയുള്ള കടയിൽ വെള്ളം, സൂപ്പ്, പിന്നെ ചിലതരം ബൺ മുതലായവ കിട്ടും. വേറെ കടകൾ ഒന്നും തന്നെയില്ല അവിടെ.

                                            
                                                                  Near the ticket counter

ഇനി കുത്തനെയുള്ള ചെറു കയറ്റം ആണ്. കല്ലുകൾ നിറഞ്ഞ പാതയായതിനാൽ സൂക്ഷിച്ചു വേണം നടക്കാൻ. മുകളിൽ എത്തിയാൽ അത്യാവശ്യം നല്ല വ്യൂ ആണ്. 

മധ്യകാല ഗോഥിക് സ്റ്റൈലിൽ പണികഴിപ്പിച്ച കോട്ട ഏകദേശം നശിച്ചു കഴിഞ്ഞിരിക്കുന്നു. മിക്കവാറും വലിയ ഭിത്തി മാത്രമേ അവശേഷിച്ചിട്ടുള്ളൂ, കല്പടവുകളും. കോട്ടയുടെ ചുറ്റും നടന്നു, ചരിത്രത്തിന്റെ ഏതോ ഏടുകളിലൂടെ, അത്ഭുതം തോന്നി, പഴയകാല വാസ്തുവിദ്യ, ജീവിതരീതികൾ, അങ്ങനെ പലതും.

                                 





ആഘോഷങ്ങളും (വിവാഹങ്ങളും മറ്റും), മ്യൂസിക് ഫങ്ക്ഷനുകളും മാർക്കറ്റുകളും ചില സമയങ്ങളിൽ ഈ കോട്ടയുടെ പരിസരങ്ങളിൽ നടക്കാറുണ്ട്. കൊറോണ സമയത്തു പോയതിനാൽ പരിസരം മൊത്തം വിജനം ആയിരുന്നു

എനിക്ക് കൂടുതലും കാട്ടിൽ കൂടിയുള്ള നടത്തം ആണ് ഇഷ്ടപെട്ടത്. കാട്ടരുവികളും പലതരം ചെടികളും പൂക്കളും ഞാൻ നന്നായി ആസ്വദിച്ചു.ആദ്യത്തെ ചാറ്റൽ മഴ നിന്നിരുന്നു എങ്കിലും പിന്നെയും മഴ പൊടിയാൻ തുടങ്ങി, കുടയും എടുത്തിരുന്നില്ല. അതിനാൽ തിരിച്ചുള്ള യാത്ര (കാൽനട) വേഗത്തിലാക്കി. ഏകദേശം 6-7 മണിക്കൂർ എടുത്തിരുന്നു ഈ യാത്ര പൂർത്തിയാകാൻ. എന്നിരുന്നാലും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു. 


                                                              (Long view of castle)

                                                 ഇനി തിരികെ ....


ഈ കോട്ടയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളും മറ്റും ഈ വെബ് പേജിൽ (http://www.divcikamen.cz/) കിട്ടും 



Monday, July 6, 2020

ബ്ലാക്ക് ടവർ (Black Tower)

ചെസ്‌കെ ബുടെജോവിസെ (České Budějovice, CHESS-ke BOOD-yay-aw-VIT-sah) മാൽസെ നദിയുടെ തീരത്തുള്ള അതിമനോഹരമായ  ഒരു ചെറിയ പട്ടണം ആണ്. സൗത്ത് ബൊഹീമിയൻ ഭാഗത്തുള്ള ഏറ്റവും വലിയ പട്ടണം എന്ന്തന്നെ പറയാം. 

ഈ സ്ഥലപ്പേര് പറഞ്ഞാൽ അധികം ആരും അറിയാൻ സാധ്യത ഇല്ല. പക്ഷെ ബഡ്വൈസ് (Budweis) എന്ന ജർമൻ പേര് പറഞ്ഞാൽ കുറെയധികം ആൾക്കാർക്കു അറിയാൻ സാധിക്കും എന്നുറപ്പാണ്. മറ്റൊന്നുമല്ല, ബഡ്‌വൈസർ ബിയർ അറിയാത്തവർ ചുരുക്കമാണല്ലോ. ഈ ചെറിയ പട്ടണത്തിലാണ് 'Budweiser Budvar Brewery' (https://www.budvar.cz/) സ്ഥിതി ചെയ്യുന്നത്. 1895- ൽ സ്ഥാപിതമായ ഈ ബ്രൂവറി ഇപ്പോൾ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയാണ്. ബിയർ ബ്രൂവിങ് മ്യൂസിയം ബിയർ ഉത്പാദനത്തിന്റെ ചരിത്രം വിശദമായി തന്നെ കാണിച്ചു തരുന്നു (അതിനെ പറ്റി വേറൊരു പോസ്റ്റ് എഴുതണമെന്നു വിചാരിക്കുന്നു)

സിറ്റിയുടെ മധ്യഭാഗത്തായി ഒരു വലിയ സ്‌ക്വയർ (Přemysla Otakara II Square) ഉണ്ട്. 1265 -ൽ ബൊഹീമിയൻ ചക്രവർത്തി ആയിരുന്ന 'കിംഗ് ഓട്ടോക്കർ II (Ottokar II)' ആണത്രെ  'ചെസ്‌കെ ബുടെജോവിസെ' സ്‌ക്വയർ പണികഴിപ്പിച്ചത്.  അതിമനോഹരമായ വാസ്തുവിദ്യ !  ചെക്ക് റിപ്പബ്ലിക്കിലെ തന്നെ വലിയ സ്‌ക്വയർ ടൗണുകളിൽ ഒന്നാണിത് .

സ്‌ക്വയർന്റെ ഒത്ത നടുവിലായി ഒരു ഫൗണ്ടൻ ഉണ്ട്, സാംസൺ ഫൗണ്ടൻ. സെൻട്രൽ യൂറോപ്പിലെ ഏറ്റവും വിനാശം വിതച്ച  'മുപ്പതു വർഷ യുദ്ധതിനുശേഷം' (1618–1648, thirty years war) സിറ്റിയുടെ പലഭാഗത്തും ജലവിതരണത്തിനായാണത്രെ ഈ ഫൗണ്ടൻ പണിതത്. സ്‌ക്വയറിന്റെ നാലുഭാഗത്തുമായി  കുറെയധികം റസ്റ്ററന്റുകളും ഓഫീസ് സമുച്ചയങ്ങളും. ശനിയാഴ്ച്ചകളിൽ ഒരു നിശ്ചിത സമയത്തേക്ക് തുറന്ന വിപണിയും  (പ്രത്യേകിച്ച് പച്ചക്കറികളും പഴങ്ങളും) ഇവിടെ ഉണ്ടാകാറുണ്ട്. 

ഈ സ്‌ക്വയർന്റെ വടക്കു കിഴക്കായി, സെന്റ്.നിക്കോളാസ് പള്ളിയുടെ (പതിമൂന്നാം നൂറ്റാണ്ടിൽ പണിതതാണത്രേ) സമീപമായിട്ടാണ് ബ്ലാക്ക് ടവർ സ്ഥിതിചെയ്യുന്നത്. 

                               


എഴുപത്തിരണ്ടു മീറ്ററോളം ഉയരമുണ്ട് 1553 -ൽ പണിത ഈ ടവറിന്. (രേഖകളിൽ 1550-1577 കാലയളവ് എന്നാണ് പറയുന്നതെങ്കിലും ടവറിന്റെ മുൻപിൽ 1553 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്). 

                                
                                                              ബ്ലാക്ക് ടവർ (Black Tower)

                               


                                 


                                                    
                                                    തുടക്കത്തിലേ കൽപ്പടവുകൾ 

          

                        വളഞ്ഞു പുളഞ്ഞു കിടക്കുന്ന മരപ്പടവുകൾ 


ആദ്യകാലങ്ങളിൽ ന്യൂ ടവർ, ബിഗ് ടവർ, പാരിഷ് ടവർ, ടൌൺ ടവർ എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ നിർമിതി പതിനെട്ടാം നൂറ്റാണ്ടു മുതലാണ് ബ്ലാക്ക് ടവർ എന്നറിയപ്പെടാൻ തുടങ്ങിയത്. അഞ്ചു ബെല്ലുകളാണ് ടവറിൽ ഉള്ളത്, മാർത്ത (ആദ്യത്തേത്), ബുമേറിൻ, ബഡ്‌വാർ, ഒക്റ്റാവ, മരിയ. ഇതിൽ 'ബഡ്‌വാർ' 1995 -ൽ ബ്റൂവറിയിൽ നിന്നും സമ്മാനമായി കിട്ടിയതാണ്. ടവറിൽ ഇപ്പോളുള്ള ക്ലോക്ക് 1892-ൽ ഉണ്ടാക്കിയതാണ്. ഈ ക്ലോക്ക് പ്രവർത്തിക്കുന്നത് Graham's rest escapement പ്രകാരമാണ്.



                                                                        (Bells in the Tower)

ഇറ്റാലിയൻ വാസ്‌തുവിദ്യയിൽ തീർത്ത ഈ നിർമിതി ബെൽ ടവർ ആയും വാച്ച് ടവർ ആയും പ്രവർത്തിച്ചിരുന്നു. പ്രധാനമായും ശത്രുക്കളിൽ നിന്നും തീയിൽ നിന്നും ഉള്ള സുരക്ഷയ്ക്കു വേണ്ടിയാണ് ഈ ടവർ പണിതത് . സിറ്റിയെ ശ്രദ്ധാപൂർവം വീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഗാർഡ് കുടുംബസമേതമാണ് ഈ ടവറിൽ താമസിച്ചിരുന്നത് (ഏതാണ്ട് 1956 ന്റെ അവസാനം കാലം വരെ), കൂടാതെ മുയലുകളും ചെമ്മരിയാടും വരെ കൂട്ടിനുണ്ടായിരുന്നത്രെ. എവിടെയെങ്കിലും തീയോ മറ്റെന്തെങ്കിലും അപകടമോ ഉണ്ടാകുകയാണെങ്കിൽ ഗൈഡ് ആ ദിശയിൽ പതാക ഉയർത്തുകയും ബെൽ പ്രവർത്തിപ്പിക്കുകയും ചെയ്യുമായിരുന്നു.

ഏറ്റവും മുകളിൽ ആണ് ടിക്കറ്റ് എടുക്കാൻ സാധിക്കുക. 225 പടവുകൾ കയറി വേണം മുകളിൽ എത്താൻ (ഞാൻ എണ്ണി നോക്കിയിരുന്നു 😃), പടവുകൾ മരപ്പലകകളാലാണ് നിർമിച്ചിരിക്കുന്നത്. സൂക്ഷിച്ചു കയറിയില്ല എങ്കിൽ തല മുകളിൽ തട്ടാൻ സാധ്യതയുണ്ട്. ചിലപടവുകൾ കഷ്ടിച്ച്‌ ഒരാൾക്കുമാത്രം കയറാൻ പാകത്തിനുള്ളതാണ്. എതിരെ ഒരാൾ വന്നാൽ ആരെങ്കിലും ഒരാൾ പുറകോട്ടു മാറി കൊടുത്തേ പറ്റൂ.
                               

പടവുകളൊക്കെ കയറി മുകളിൽ എത്തിയാൽ ടിക്കറ്റ് കൌണ്ടർ ഉണ്ട്, പുഞ്ചിരിയോടെ സ്വീകരിക്കുന്ന നടത്തിപ്പുകാരും. ടിക്കറ്റെടുത്ത് പുറം കാഴ്ചകൾ കാണാനായി പുറത്തേക്കിറങ്ങാം. മിക്കവരുടെയും കയ്യിൽ ബൈനോക്കുലർ ഉണ്ട്. എനിക്ക് എന്റെ കണ്ണുകളും മൊബൈൽ ക്യാമറയും മാത്രം

അവിടെ തന്നെ ഒരു ചെറിയ മ്യൂസിയംകൂടി ഉണ്ട്, പ്രവർത്തനവും ഹിസ്റ്ററിയുമൊക്കെയായി. ചെറിയ സോവനീർസ്, ഫോട്ടോകൾ ഒക്കെ വാങ്ങുകയും ചെയ്യാം

മുകളിൽ എത്തിയാൽ അതിമനോഹരമായ കാഴ്ചകളാണ് . നഗരം  മുഴുവനും കാണാൻ പറ്റും. പഴയ നിർമിതികൾ എല്ലാംതന്നെ നന്നായി നിലനിർത്തിയിരിക്കുന്നു ഇപ്പോളും. പൊളിച്ചുപണിയൽ അല്ല, ഉള്ളത് ശ്രദ്ധാപൂർവം പരിപാലിച്ചു നിലനിർത്തുന്ന രീതിയാണ് കൂടുതലും. ഇത് കൂടാതെ ചെക്ക് റിപ്പബ്ലിക്കിലെ മനോഹരമായ കോട്ടകളിൽ ഒന്നായ 'ഹലുബോക' (Hluboká Castle) യുടെ വിദൂരദൃശ്യവും ക്ലെറ്റ് പർവതനിരകളും ബൊഹീമിൻ കാടുകളും കാണാനാവും. കോട്ടയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ കിട്ടും (https://www.zamek-hluboka.eu/en).

                        

                                                (Views from the top of Black Tower)

                 





                                 
                                                                 (Samson Fountain)

  (Samson Fountain)

View from the top



Some modern art form

തിരികെ ഇറങ്ങുമ്പോളും നല്ല ശ്രദ്ധ വേണം. ചിലയിടങ്ങളിൽ എങ്കിലും തല കുനിച്ചു വേണം ഇറങ്ങാൻ. എന്നിരുന്നാലും 'ബ്ലാക്ക് ടവർ' പഴമയുടെ ഭംഗി വിളിച്ചോതുന്ന അതിമനോഹരമായ ഒരു നിർമിതി തന്നെ 




Thursday, June 11, 2020

ഗ്രിഗർ മെൻഡലിന്റെ ജന്മഗൃഹത്തിൽ..







ഗ്രിഗർ മെൻഡലിന്റെ ജന്മഗൃഹത്തിൽ..

ബേസിക് ബയോളജി പഠിച്ചിട്ടുള്ള എല്ലാവർക്കും സുപരിചിതമായ പേര് ആകും Gregor Mendel or 'Gregor Johann Mendel', ആധുനിക ജനിതകശാസ്ത്രത്തിന്റെ പിതാവ്. അദ്ദേഹം ഒരു അഗസ്തീനിയൻ സന്യാസിയും ശാസ്ത്രജ്ഞനുമായിരുന്നു.

പണ്ട് ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന 'Hynčice, Vražné' (ഹീൻസെൻഡ്രോഫ് ബീ ഓദ്രാ എന്നാണ് ജർമൻ പേര്) എന്ന ഒരു മനോഹര ഗ്രാമപ്രദേശത്ത്, ഒരു ജർമൻ കർഷക കുടുംബത്തിലായിരുന്നു (ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കിൽ) മെൻഡൽ ജനിച്ചത്. ഈ സ്ഥലം പക്ഷെ ഇപ്പോൾ ഗ്രിഗർ മെൻഡലിന്റെ  ജന്മസ്ഥലം എന്ന രീതിയിലാണ് അറിയപ്പെടുന്നത്. 

2007-ൽ നവീകരിച്ച ഈ മനോഹരഗൃഹം ഇപ്പോൾ ഒരു മ്യൂസിയം ആണ്. കൂടാതെ സെമിനാറുകൾ നടത്തുവാനും താമസിക്കുവാനും ഉള്ള സൗകര്യം ഉണ്ട്. (ഞങ്ങളുടെ വർക്ക്‌ പ്രസന്റേഷൻ ഇവിടെ വച്ചാണ് നടന്നത്.) വിവാഹച്ചടങ്ങുകളും ഇവിടെ നടക്കാറുണ്ടത്രെ. സത്യത്തിൽ ബയോളജിയോടും ഗവേഷണത്തോടും ഒരു താല്പര്യം തോന്നി തുടങ്ങിയത് പയറുചെടിയുടെ ജെനറ്റിക്‌സ് പഠിച്ചു തുടങ്ങിയപ്പോളായിരുന്നു. (പയറും റോസും ഒക്കെ നട്ടു വച്ചിട്ട് എല്ലാദിവസവും രാവിലെ മണ്ണ് മാന്തി വേര് വന്നോന്നു നോക്കുമായിരുന്നു പണ്ട് 😃, പലരും ഈ കുരുത്തക്കേടുകൾ ചെയ്തിട്ടുണ്ടാവും. കൂടാതെ നട്ടുവക്കുന്ന തെങ്ങിൻ തൈകൾ പൊക്കിയെടുത്തു അതിലെ പൊങ്ങെടുക്കുക, അതേപടി തിരിച്ചു നട്ടുവെക്കുക. തെങ്ങിൻതൈകൾ കരിഞ്ഞു പോയിരുന്നതിന്റെ രഹസ്യം. ഇപ്പോൾ ഓർക്കുമ്പോൾ അതൊക്കെ ഒരു തമാശ)

എന്നിരുന്നാലും, രണ്ടുദിവസം മെൻഡലിന്റെ ജന്മഗൃഹത്തിൽ, ഈ മനോഹരവസതിയിൽ ചിലവഴിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. സിംഗിൾ റൂമുകളും ഡോർമിറ്ററിയും കിച്ചനും സെമിനാർ ഹാളും എല്ലാ സൗകര്യങ്ങളും ഉള്ള അതിമനോഹരമായ ഒരു ഫാം ഹൌസ്-
കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ കിട്ടും.
(http://www.mendel-rodnydum.vrazne.cz/uvod/)

ഇവിടുന്നു ഏതാണ്ട് ഒരു കിലോമീറ്റർ അകലെയായി മെൻഡലും അദ്ദേഹത്തിന്റെ സഹോദരിയും (തെരേസിയ) ചേർന്ന് നട്ട ഒരു വൃക്ഷം ഇപ്പോളും ഉണ്ട്. 'മെൻഡൽ ചെസ്റ് നട്ട് ട്രീ' എന്നാണ് ഈ മരം അറിയപ്പെടുന്നത്. ഞങ്ങൾ ശ്രീബുദ്ധൻ ബോധി മരത്തിന്റെ കീഴെ ഇരുന്നപോലെ അവിടെ പോയി കുറച്ചു നേരം ഇരുന്നു. ഇനി എങ്ങാനും കുറച്ചു ബുദ്ധി കിട്ടിയാലോ?

പഠിക്കാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വീട്ടിലെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. അങ്ങനെ ആണ് അദ്ദേഹം സെമിനാരിയിൽ ചേരുന്നത്. അവിടെ വച്ചു തുടർ പഠനത്തിന് ചേർന്നെങ്കിലും അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. അതിനാൽ മിക്ക കോഴ്സുകളും അദ്ദേഹം പൂർത്തീകരിച്ചില്ല. പിന്നീട് അവിടെത്തന്നെയുള്ള അഗസ്തീനിയൻ പള്ളിയിൽ വൈദികനായി. (ഇവിടെ നിന്നും ഏതാണ്ട് ഇരുനൂറു കിലോമീറ്റർ അകലെ ബർണോ എന്ന സ്ഥലത്ത് ). അവിടെ വച്ചാണ് അദ്ദേഹം പയറുചെടിയിൽ പരീക്ഷണങ്ങൾ തുടങ്ങിയത് (1850 കളില്‍). 

TT X Tt, tt X tt ...ഇതൊക്കെ എല്ലാവര്ക്കും നല്ല ഓർമ്മ കാണും. വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള (പൊക്കം, പ്രതലവ്യത്യാസം ..) പയര്‍ചെടികളെ പരസ്പരം പരാഗണം നടത്തി സങ്കരയിനങ്ങളുടെ പല തലമുറകളെ സൃഷ്ടിച്ചായിരുന്നു പരീക്ഷണം. ഓരോ തലമുറയിലും കൈമാറ്റം ചെയ്യപ്പെട്ടു വരുന്ന ഓരോ ഗുണങ്ങളും നന്നായി അപഗ്രഥിച്ചു  കൊണ്ടുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ  ഏതാണ്ട് എട്ടുവര്‍ഷത്തോളം  തുടര്‍ന്നു. ഈ പരീക്ഷണങ്ങളാണ് ആധുനിക ജനിതക ശാസ്ത്രത്തിന്റെ അടിത്തറ.  പിന്നീട് അദ്ദേഹത്തിന് കുറെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുകയും (പള്ളിസംബന്ധമായി) ഉണ്ടായത്രേ (ഗൈഡ് പറഞ്ഞതാണ്) 


ഇവിടെ ബർണോയിൽ (Brno) പള്ളിയുടെ സമീപത്തായി വിശാലമായ ഒരു മ്യൂസിയം കൂടിയുണ്ട്. അവിടെ ഒരു സെക്ഷനിൽ കുറെയധികം പയറുമണികൾ ഒരു മരപ്പലകയിൽ വച്ചിട്ടുണ്ട്. പല വലുപ്പത്തിലും ആകാരത്തിലും (eg. Wrinked, smooth etc) ഉള്ളവ. നമുക്കതു സങ്കലനം ചെയ്തു കളിക്കാൻ പറ്റും.

അദ്ദേഹം വൈദികനായിരുന്ന അഗസ്തീനിയൻ പള്ളി ഇപ്പോളും പ്രവർത്തനനിരതമാണ്. അതിമനോഹരമായ പള്ളി. പതിനാലാം നൂറ്റാണ്ടിന്റെ പകുതിയോടെ സ്ഥാപിതമായെങ്കിലും നിർമിതി ഇന്നത്തെ അവസ്ഥയിലേയ്ക്ക് എത്തിയത്, 1752 -ലാണ്. രണ്ടാം ലോകമഹായുദ്ധകാലത്തു കുറെയധികം കേടുപാടുകൾ പറ്റിയിരുന്നു എങ്കിലും അതൊക്കെ നന്നാക്കിയിരിക്കുന്നു. പഴയപുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറിയുടെ കൊത്തുപണികളൊക്കെ സ്വർണം കൊണ്ടുള്ളതാണെന്നാണ് ഗൈഡ് പറഞ്ഞത്. എല്ലാം വളരെ മനോഹരമായി നിലനിർത്തിയിരിക്കുന്നു.

വീണ്ടും, ജനറ്റിക്സിന്റെ പിതൃഗൃഹത്തിൽ നിന്നും ജനറ്റിക്സ് ലാബിലേയ്ക്...



(ഞങ്ങളുടെ ആദ്യത്തെ ലാബ് ട്രിപ്പിൽ നിന്നും. യാത്ര എല്ലാ സുരക്ഷയോടും കൂടി തന്നെ ആയിരുന്നു. പൊതുസ്ഥലത്തു മാസ്കും ഉണ്ടായിരുന്നു. മിക്കയിടത്തും സോഷ്യൽ ഡിസ്റ്റൻസിങ് രണ്ടു മീറ്റർ എന്നതൊക്കെ തികച്ചും ഇവിടെ അപ്രസക്തമായിരുന്നു. കാരണം ഞങ്ങൾ ഒരുമിച്ചുള്ളവരല്ലാതെ വേറെയൊരാളെ കിലോമീറ്ററിനപ്പുറത്തു പോലും കാണാൻ പറ്റാത്ത അവസ്ഥ.എല്ലാ നിയമങ്ങളിലും അയവുവന്നു, സ്കൂളുകളും തുറന്നു, എങ്കിലും എല്ലാവരും വീട്ടിനുള്ളിൽ തന്നെ)



  






Sunday, February 2, 2020

ഒരു ഗുജറാത്ത് സഫാരി, കാനന ഭംഗിയിലൂടെ - ഗിർവനം, പിന്നെ മറ്റു ചില കാഴ്ചകളും

ഇതേതാണ്ട് പത്തു വർഷം   മുൻപുള്ള ഒരു യാത്രയുടെ കുറിപ്പാണ്.

കൂടു വിട്ടു കൂടുമാറും മുൻപ് അടുക്കിപെറുക്കലിൽ കിട്ടിയ കുറിപ്പുകൾ.


അഹമ്മദാബാദിൽ നിന്നുമാണ് ഞങ്ങൾ ഗിർവനത്തിലേയ്ക് യാത്ര തിരിച്ചത്. ഞാൻ, താര, വിവേക്, രശ്മി. ഒരു സെമിനാറിന്റെ ഭാഗമായി അഹമ്മദാബാദിൽ വന്നതായിരുന്നു ഞങ്ങൾ. അപ്പോളാണ്  പണ്ട് മുതലേ സ്കൂൾ പാഠപുസ്‌തകങ്ങളിൽ കേട്ട് പഠിച്ച ഗിർ വനം ഇവിടെവിടെയോ ആണെല്ലോ എന്ന ചിന്ത വന്നത്. അപ്പോൾ പിന്നെ പോകാതെ എങ്ങനെ ? 

ഗൂഗിൾ മാപ്പ് എടുത്തു ദൂരം നോക്കിയപ്പോൾ ശരിക്കും ഞെട്ടി. ഏതാണ്ട് 400 Km ദൂരം. 

ലോക്കേഷൻ മാപ്പ് : കടപ്പാട്:  വിക്കിപീഡിയ (https://en.wikipedia.org/wiki/Gir_National_Park)


നിരാശ.. പക്ഷെ എന്തായാലും ശരി. പോയിട്ട് തന്നെ. 

ഇനി ഒരു പക്ഷെ ഈ വഴി വരവുണ്ടാവില്ല. 

എന്തായാലും തീരുമാനിച്ചു. പോയിട്ട് തന്നെ. വിവേക് അപ്പോൾ തന്നെ ടിക്കറ്റും ബുക്ക് ചെയ്തു. തീരുമാനമെങ്ങാനും മാറിയാലോ. (വിവേകും രശ്മിയും couples ആണ്). രാത്രി 10 മണിക്ക് ബസിൽ കയറി.  നേരിട്ടുള്ള ബസ് കിട്ടാത്തതിനാൽ രാവിലെ 5  മണിക്ക്  ജുനാഗഢ് (Junagadh) എന്ന സ്ഥലത്തിറങ്ങി. അവിടുന്ന് ഏതാണ്ട് 80 KM ദൂരമുണ്ട് നാഷണൽ പാർക്കിലേയ്ക് .  

സാധാ ലോക്കൽ ബസിൽ വിജനമായ വീഥികളിലൂടെ നല്ല കൊടും തണുപ്പത്ത് ഒരു യാത്ര. 


ഞങ്ങൾ നാലുപേരും തീവ്രവാദികളെ പോലെ പുതച്ചു മൂടിയിരുപ്പാണ് . കണ്ണുകൾ മാത്രം വെളിയിൽ. 


ഗ്രാമീണവാസികളായ ബസ് യാത്രക്കാർ ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. 
അപരിചിതരും അന്യനാട്ടുകാരും ആയതിനാലാവണം. 

(സത്യത്തിൽ അവിടെ ആർക്കും ഗിർ നാഷണൽ പാർക്ക്  എന്ന് പറഞ്ഞാൽ വലിയ പിടിയില്ല.സാസൻ ഗിർ  അല്ലെങ്കിൽ സാസൻ സഫാരി എന്ന് പറയണം. വ്യാപകമായി ഏഷ്യൻ സിംഹങ്ങളെ  കാണുന്ന ഇന്ത്യയിലെ ഏക  ഭൂപ്രദേശമാണ് ഗിർവനം. ഏതാണ്ട് 1412 km2 ആണ് ഗിർ വനത്തിന്റെ വിസ്തൃതി. കൂടുതൽ വിവരങ്ങൾ ഇവിടെ കിട്ടും https://en.wikipedia.org/wiki/Gir_National_Park)

സാസൻ ഗിർ-ലെയ്‌ക്കാണ്‌ എന്നുപറഞ്ഞപ്പോൾ ഒരു യാത്രക്കാരന് ആവേശമായി. അയാൾ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ബസിന്റെ ഗ്ലാസ്സുകൾ മാറ്റി നോക്കിയാൽ മാനുകളെ കാണാമത്രെ.

തണുത്തു വരണ്ട കാലാവസ്ഥ . കൊടും കാട്ടിലൂടെയാണ് യാത്ര. പൊടി കാരണം ബസിന്റെ ചില്ലുകളിലൂടെ ഉള്ള കാഴ്ച ദുഷ്കരം ആയിരുന്നു. മാനുകളെ കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ തണുപ്പ് വകവെയ്ക്കാതെ ചില്ലുകൾ മാറ്റി, കുറെ നേരം നോക്കിയിരുന്നു. ഒരു മാനെ പോലും കണ്ടില്ല.  

ആറു മണിയോടെ ബസിൽ കയറിയതാണ്. എട്ടുമണി ആയപ്പോൾ ഗിർ നാഷണൽ പാർക്ക് എത്തി. 

ഫ്രഷ് ആകാനൊക്കെ അവിടെ ചെറിയ വാടകയിൽ റൂമുകൾ കിട്ടും. ഒന്ന് ഫ്രഷ് ആയശേഷം ഞങ്ങൾ പുറത്തേയ്ക്കിറങ്ങി. മിക്കവരും രാവിലെ ജിലേബിപോലെ എന്തോ കഴിക്കുന്നു. പിന്നെ കടലമാവുകൊണ്ടു വലിയ മുറുക്ക് (പക്കോഡ, chevda snack) പോലെയുള്ള എന്തോ ഒന്ന്. കൂടെ പച്ചമുളകും.  ഞങ്ങളും  വാങ്ങി കഴിച്ചു. വഴിയോരത്തെ ഭക്ഷണം കഴിക്കാൻ മടിയുണ്ടായിരുന്നു എങ്കിലും, പേടിച്ചപോലെ വയറിനു പ്രശ്നമൊന്നും ഉണ്ടായില്ല. 

ഗിർ ഫോറെസ്റ് നാഷണൽ പാർക്ക് - റൂട്ട് മാപ്പ് 

(കമ്പ്യൂട്ടറും ഫേസ്ബുക്കും മൊത്തം തപ്പിയിട്ടു കുറച്ചു ഫോട്ടോസ് മാത്രമാണ് കിട്ടിയത്)

പ്രതീക്ഷയോടെ ഞങ്ങൾ സാസൻ സഫാരിക്ക് ടിക്കറ്റ് എടുത്തു.

തുറന്ന ജീപ്പിലാണ് യാത്ര. പുറകിൽ നിൽക്കണം. ഇടയ്ക്കു തെറിച്ചു പോകുമോ എന്ന് ഭയന്നു. നല്ല പൊടിയും ഉണ്ട്.

ഇലകളൊക്കെ കരിഞ്ഞുണങ്ങി നിൽക്കുന്നു. ഇടയ്ക്കു അവിടെയും ഇവിടെയും ആയി നീൽഗായ് ( largest Asian antelope) എന്നയിനം മൃഗത്തെ കണ്ടു.



തേക്ക്, വട്ട, അഗർബത്തി മരങ്ങളും കുറെ പോത്തുകളും, പലതരം മാനുകളും പക്ഷികളും . 

പക്ഷെ  കുറെയധികം സമയം കാത്തിട്ടും ഒരു സിംഹത്തെ പോലും കാണാൻ പറ്റിയില്ല.


ഗൈഡ് വാതോരാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. 


മ്ലാവ് എന്നറിയപ്പെടുന്ന സാംബാർ മാനുകളാ (Sambar deer) ണത്രെ ഇവിടുത്തെ സിംഹങ്ങളുടെ പ്രധാന ആഹാരം. വേട്ടയാടി ഇരയെ അകത്താക്കിയാൽ പിന്നെ ഏകദേശം മൂന്നു ദിവസത്തേയ്ക്ക് പിന്നെ വിശ്രമമാണത്രേ.  ഈ സമയമായതിനാലാണ് ഒന്നിനെയും കാണാത്തത്. വേറെ ഒരു സ്ഥലത്തു കുറെയധികം സിംഹങ്ങൾ ഉണ്ട്. നിങ്ങളെ കാണിച്ചിരിക്കും എന്നൊക്കെ. 


സത്യത്തിൽ ഞങ്ങൾ പോകാൻ തിരഞ്ഞെടുത്ത സമയം (season) ശരിയായില്ല എന്ന് വേണം കരുതാൻ 

കുറച്ചു മുൻപോട്ടു ചെന്നപ്പോൾ ഏതാണ്ട് വെളുത്തപുറന്തൊലിയുള്ള ഒരു വൃക്ഷം കണ്ടു. ഇംഗ്ലീഷിൽ Gum tree എന്നറിയപ്പെടുന്ന ഈ മരത്തിന്റെ കറ ക്യാപ്സ്യൂൾ നിർമാണത്തിന്  ഉപയോഗിക്കുമത്രേ.



കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോൾ  മനുഷ്യവാസത്തിന്റെ സൂചനകൾ. 
കുറെയധികം മൺകുടിലുകൾ അവിടവിടെയായി കാണാനുണ്ടായിരുന്നു.  

ശരിക്കും അത്ഭുതമായിരുന്നു. സിംഹങ്ങളുടെയും മറ്റു വന്യജീവികളുടെയും ഇടയിൽ കുറെയധികം മനുഷ്യർ. 

ഈ യാത്രയിൽ ഏറ്റവും താല്പര്യം തോന്നിയത് ഗിർ വനത്തിനുള്ളിൽ താമസിക്കുന്ന ഈ മനുഷ്യരെക്കുറിച്ചു  അറിഞ്ഞപ്പോളാണ്. Maldharis (livestock owners) എന്നാണിവർ അറിയപ്പെടുന്നത്. ഏതാണ്ട് എണ്ണായിരത്തിനു മുകളിൽ ആണ് ഇവരുടെ അംഗസംഖ്യ. 

പ്രത്യേക രീതിയിലുള്ള വസ്ത്രധാരണം കൊണ്ട് അവരെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും. തുറന്ന ജീപ്പിലൂടെ ഉള്ള യാത്രയിൽ Maldharis വംശജർ  പശുവിനെ മേയ്ക്കുന്നതും കണ്ടു. 

ഇവർ ശുദ്ധ സസ്യഭുക്കുകളാണ്. പശുവളർത്തൽ ആണിവരുടെ മുഖ്യ ഉപജീവന മാർഗം. പാലും തൈരും നെയ്യും അടുത്തുള്ള ഗ്രാമങ്ങളിലും മറ്റും വിറ്റാണ് ഇവർ ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നുന്നത്. ഒന്നോ രണ്ടോ ഒട്ടകങ്ങളെയും അവിടവിടെയായി കാണാൻ കഴിഞ്ഞു. ഒട്ടകങ്ങളെ ഇവർ യാത്രയ്ക്കായി ഉപയോഗിക്കുമത്രേ. 

ഓരോരോ ചെറിയ ഗ്രൂപ്പുകളായാണിവർ താമസിക്കുന്നത്. ഒരു ചെറിയ വില്ലജ് മോഡൽ (Hamlets or Nesses). ഇവരുടെ ഇടയിൽ ശൈശവവിവാഹം നടക്കാറുണ്ടെങ്കിലും  വ്യത്യസ്‌ത സമുദായങ്ങൾ തമ്മിലുള്ള വിവാഹങ്ങൾ അനുവദനീയമല്ല. കൂടാതെ വധുവിന് പകരം തിരിച്ചു ആ കുടുംബത്തിലേയ്ക് ഒരു പെൺകുട്ടിയെയോ അല്ലെങ്കിൽ നല്ല ഒരു തുകയോ കൊടുക്കേണ്ടി വരുമത്രേ. 

ഈ ലിങ്കിൽ Maldhari tribe നെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടും 

കുറെയധികം യാത്ര ചെയ്‌തെങ്കിലും ഒരു സിംഹത്തെപോലും കാണാൻ പറ്റാത്ത നിരാശ കണ്ടിട്ടാവണം ഗൈഡ് ഞങ്ങളെ വേറെ ഒരു ദിശയിലേയ്ക് കൊണ്ട് പോയി. അവിടെ ഒന്ന് രണ്ടു പെൺസിംഹങ്ങളേയും കുറച്ചു കുഞ്ഞുങ്ങളെയും കാണാനായി. 

കടപ്പാട്:  വിക്കിപീഡിയ (https://en.wikipedia.org/wiki/Gir_National_Park)


സഫാരി കഴിഞ്ഞപ്പോൾ ഏകദേശം ഞങ്ങൾ പൊടിയിൽ കുളിച്ച അവസ്ഥ ആയി. എനിക്കാണെങ്കിൽ ശ്വാസം പോലും കിട്ടുന്നില്ല. ശ്വാസകോശം മുഴുവൻ പൊടി നിറഞ്ഞിട്ടുണ്ടാവണം. തിരികെ എത്തി വീണ്ടും അടുത്ത സഫാരി, ലയൺ പാർക്കിലേയ്ക്. അവിടെ കുറെയധികം സിംഹങ്ങളും മുതലകളും മറ്റും ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ പൊടി അടിച്ചു  ഞങ്ങളെല്ലാവരും രോഗികളായി എന്ന് വേണം പറയാൻ. 


എന്നിരുന്നാലും ചെറിയ ക്ലാസുകൾ മുതൽ കേട്ടുവന്നിരുന്ന ഗിർ വനം നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലായിരുന്നു ഞങ്ങൾ. 
ഒരു പക്ഷെ വളരെ അപൂർവമായി കിട്ടുന്ന ഒരു അവസരം. 

                                തിരികെ വീണ്ടും അഹമ്മദാബാദിലേയ്ക്. 

പിന്നീട് ഞങ്ങൾ സബർമതി ആശ്രമവും ഹതീസിംഗ് ജൈന ക്ഷേത്രവും പിന്നെ 'ദാദാ ഹരിർ' എന്ന പടവുകളുള്ള കിണറും (Dada harir  Stepwell)  സന്ദർശിക്കുകയുണ്ടായി.

ആരവല്ലി പർവതനിരകളിൽ  നിന്നും ഉത്ഭവിക്കുന്ന (പഴയ സ്കൂൾ പാഠപുസ്‌തകം ഓർമവന്നു) സബർമതി നദിയുടെ തീരത്താണ് സബർമതി ആശ്രമം.  ഞാൻ കുറെയധികം ഫോട്ടോസ് എടുത്തിരുന്നെങ്കിലും മിക്കതും നഷ്ടപ്പെട്ടു. എല്ലാം ഒരു ഹാർഡ്‍ഡിസ്കിൽ  ആയിരുന്നു. ചില കാര്യങ്ങളെങ്കിലും നമ്മൾ പഴയരീതിയിൽ ചിത്രങ്ങളായി (Print) എടുത്തു സൂക്ഷിക്കേണ്ടിയിരിക്കുന്നു. 

നമ്മൾ സ്കൂളിൽ പാഠപുസ്‌തകങ്ങളിൽ പഠിച്ച ചർക്ക, പിന്നെ ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പിന്നെ ഉപ്പു സത്യാഗ്രഹത്തിന്റെ മുതലുള്ള ചിത്രങ്ങൾ എല്ലാം വളരെ മനോഹരമായി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. 


കുറെയധികം സമയം സബർമതിയുടെ ശാന്തതയിൽ ചിലവിട്ട ശേഷം ഞങ്ങൾ പോയത് ഒരു പുരാതന ജൈന ക്ഷേത്രം (ഹതീസിംഗ്  ജൈന ക്ഷേത്രം) സന്ദർശിക്കാനാണ്. പതിനഞ്ചാമത്തെ ജൈന തീര്‍ത്ഥങ്കരനായ ധര്‍മനാഥനാണ് ഈ ക്ഷേത്രത്തിലെ പ്രധാന  പ്രതിഷ്‌ഠ. 

ക്ഷേത്രത്തിന്റെ ചുറ്റും തണൽ വിരിച്ചെന്ന വണ്ണം കുറെയധികം അരണമരങ്ങൾ (Polyalthia).  പിച്ചിപ്പൂക്കളും, പിന്നെ വലിയ  ഒരു ആൽമരവും. 

ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കുന്ന കവാടത്തിൽ  വലിയ ഒരു സ്തൂപം ഉണ്ട്. 


ഹതീസിംഗ്  ജൈന ക്ഷേത്രം 
(ക്ഷേത്രത്തിന്റെ അകത്തു ഫോട്ടോഗ്രാഫി അനുവദനീയമല്ല)

 അഹമ്മദാബാദിലെ വ്യാപാരിയായ സേത് ഹതീസിംഗ് ആണ് ഈ ക്ഷേത്രത്തിന്റെ നിർമാണം തുടങ്ങിവച്ചത്. അദ്ദേഹത്തിന്റെ മരണശേഷം, പത്നി ഷേതനി ഹർകുൻവർ ക്ഷേത്രനിർമ്മാണം  പൂർത്തീകരിച്ചു. ഇപ്പോളും  ക്ഷേത്രം നിയന്ത്രിക്കുന്നത്   ഹതീസിംഗ് കുടുംബാംഗങ്ങൾ  ആണ്.


ഹതീസിംഗ്  ജൈനക്ഷേത്രത്തിൽ 


യാത്ര തുടങ്ങി കുറെയായിട്ടും ഞങ്ങൾക്ക് ഗുജറാത്തിനെ പറ്റി വലിയ ഐഡിയ ഒന്നും ഇല്ലായിരുന്നു. ഭാഗ്യവശാൽ ഞങ്ങളുടെ ടാക്സി ഡ്രൈവർ നല്ല മര്യാദയുള്ള ഒരാളായിരുന്നു. കുറച്ചുള്ളിലേയ്ക്ക്, ഒരു ഗ്രാമത്തിൽ മനോഹരമായ കിണറുണ്ട് എന്ന് പറഞ്ഞപ്പോൾ, എങ്കിൽ കണ്ടേക്കാം എന്നായി ഞങ്ങൾ. 

ഗുജറാത്തിൽ 'വാവ്' എന്നറിയപ്പെടുന്ന stepwells കാണിക്കാനാണ് അദ്ദേഹം ഞങ്ങളെ കൊണ്ട് പോയത്. അഹമ്മദാബാദിൽ നിന്നും ഏതാണ്ട് പതിനഞ്ചു കിലോമീറ്റർ ദൂരെയുള്ള ഹരിപുര എന്ന ഒരു ഗ്രാമപ്രദേശം. അവിടെയാണ് ദാദ ഹരിർ എന്ന ധാരാളം പടവുകളുള്ള കിണർ 

ദാദാ ഹരിർ (Stepwell)

ഏതാണ്ട് നൂറ്റി ഇരുപതോളം വാവുകൾ ഗുജറാത്തിൽ തന്നെ ഉണ്ട്. 
5 -19 നൂറ്റാണ്ടുകളുടെ ഇടയിലാണ് ഇത് മിക്കതും പണികഴിപ്പിച്ചിരിക്കുന്നത്. 
മഴവെള്ളം സംഭരിക്കാനും മറ്റുമായി പണികഴിപ്പിച്ച ഈ കിണറുകൾ പഴയകാല വാസ്തുവിദ്യയുടെ മികവ് എടുത്തുകാണിക്കുന്നവയാണ്. 

ദാദാ ഹരിർ ഒരു അത്ഭുതം തന്നെ. ഭൂമിയുടെ നിരപ്പിൽ നിന്നും ഏതാണ്ട് അഞ്ചോളം നിലകൾ താഴേയ്ക്ക്, പുറമെ നിന്നും നോക്കിയാൽ അവിടെ ഇങ്ങനെ ഒരു നിർമ്മിതി ഉണ്ടെന്നു തോന്നുകയേ ഇല്ല. മുകളിൽ അഷ്ടഭുജാകൃതി . ഓരോ നിലയും കുറെയധികം ആളുകളെ ഉൾകൊള്ളാൻ കഴിയും വിധം വിശാലമാണ്. 
രണ്ടു വശങ്ങളിലുമായി താഴേയ്‌ക്കെത്തും വിധം പടവുകൾ ക്രമീകരിച്ചിരിക്കുന്നു. അതിമനോഹരമായ ഇസ്ലാമിക് വാസ്തുവിദ്യ ഓരോ പടവുകളിലും കാണാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് നോക്കുക. https://en.wikipedia.org/wiki/History_of_stepwells_in_Gujarat.


പിന്നീട്  ഞങ്ങൾ കാൻകരിയ തടാകം കാണാനും ബലൂൺ സഫാരിയ്കും സമയം കണ്ടെത്തി.

കാൻകരിയാ തടാകം 

കാൻകാരിയാ തടാകം അഹമ്മദാബാദിലെ രണ്ടാമത്തെ വലിയ തടാകമാണ്. തടാകത്തിന്റെ തീരം ടൂറിസ്റ്റുകളെ (പ്രത്യേകിച്ചും കുട്ടികളെ) ആകർഷിക്കുവാനായി മനോഹരമായി  ക്രമീകരിച്ചിട്ടുണ്ട്. കിഡ്‌സ് സിറ്റി, ടോയ് ട്രെയിൻ, ബലൂൺ സഫാരി..അങ്ങനെ പലതും. ബലൂൺ സഫാരി ഞങ്ങൾ നന്നായി ആസ്വദിച്ചു. ആദ്യം ലേശം ഭയമൊക്കെ തോന്നിയെങ്കിലും പിന്നീട് ആകാശകാഴ്ചകൾ കണ്ടപ്പോൾ ഭയമൊക്കെ എവിടെയോ അപ്രത്യക്ഷമായി. Ahmedabad Eye എന്നാണ് ഇതറിയപ്പെടുന്നത്.  


ബലൂൺ സഫാരി 


ഇനി അഹമ്മദാബാദ് സയൻസ് സിറ്റിയിലേക്ക്.


അഹമ്മദാബാദ് സയൻസ് സിറ്റി (Earth-dome)

ശക്തമായ വെയിലും തുടർച്ചയായ യാത്രയും മൂലം ഞങ്ങളാകെ ക്ഷീണിച്ചിരുന്നു. കുട്ടികൾക്ക് നന്നായി ആസ്വദിക്കാനും പഠിക്കാനും പറ്റിയ സ്ഥലമാണ് അഹമ്മദാബാദ് സയൻസ് സിറ്റി. പല സെക്ഷനുകളായി  ലൈഫ്, എനർജി പാർക്കുകൾ, IMAX തിയറ്റർ, എർത്ത് മോഡൽ, ആക്ടിവിറ്റി സെക്ഷൻ തുടങ്ങിയവയെല്ലാം നല്ല രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിൽ മ്യൂസിക്കൽ ഫൗണ്ടനും ഉണ്ട്.  ചില സെക്ഷനുകളി മിക്കതും പണി പൂർത്തിയാവുന്നതേ ഉണ്ടായിരുന്നുള്ളൂ.ഇത് പത്തു വർഷം  മുൻപുള്ള കാര്യം. ഇപ്പോൾ ഇത് നല്ലരീതിയിൽ ആയിട്ടുണ്ടാവുമെന്നു തീർച്ച.

ഒരു പുതിയ സ്ഥലത്തുപോകുമ്പോൾ അവിടുത്തെ ശരിയായ സംസ്കാരം അറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യണം. സത്യത്തിൽ ഗിർ വനത്തിലേക്കുള്ള യാത്രയിലും ദാദാ ഹരിർ (Stepwell) ലേക്കുള്ള യാത്രയിലും ഗ്രാമീണ ഭംഗിയും ഗുജറാത്തിന്റെ യഥാർത്ഥ സംസ്കാരവും മനസിയിലാക്കാൻ കഴിഞ്ഞു. തീർച്ചയായും ഞങ്ങളുടെ എല്ലാവരുടെയും മനസ്സു നിറഞ്ഞ ഒരു യാത്രയായിരുന്നു- A Wonderful and Memorable Gujarat Safari. 

തിരികെ വീണ്ടും ഗവേഷണത്തിന്റെ ലോകത്തേയ്ക്ക്. ഇനി അടുത്ത യാത്രയ്ക്കായി കാത്തുകൊണ്ട്...




















About Me

My photo
വല്ലപ്പോഴും കിട്ടുന്ന ചെറിയ ഇടവേള കളില്‍ ഇവിടെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു.. വെറുതെ ...ഒരു രസം ... I'm not a standard writer with a great vocabulary. Whenever I have free time, I scribble something for my own mental satisfaction.