ദിവ്സി കാമെൻ അഥവാ മെയ്ഡെൻ സ്റ്റോൺ-പഴയകാല ഗോഥിക് രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഒരു സ്മാരകസൗധം.
മധ്യകാലഘട്ടത്തിൽ (1349-ൽ) ബൊഹീമിയയിലെ ആഢ്യകുടുംബമായിരുന്ന റോസെൻബർഗ് ഫാമിലിയാണ് ദിവ്സി കാമെൻ എന്ന ഈ കോട്ട പണികഴിപ്പിച്ചത്. 1506 -ഇൽ അവരതു ഉപേക്ഷിച്ചു പോകുകയും ചെയ്തു
സൗത്ത് ബൊഹീമിയയിൽ, ചെസ്‌കെ ബുഡജോവിസിന്റെയും ചെസ്‌കി ക്രുമുലോവിന്റേയും ഇടയിലുള്ള വളരെ ചെറിയ ഒരു ഗ്രാമപ്രദേശമായ ട്രിസോവിലാണ് മനോഹരമായ ഈ പഴയകാലകോട്ടയുടെ ശേഷിപ്പുകൾ നിലനിൽക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നു വേണം കാസ്റ്റിലിലേയ്ക്ക് പോകാൻ. കുറെ ദൂരം സൈക്കിളും ഉപയോഗിക്കാൻ കഴിയും.
ചെക്ക് റിപ്പബ്ളിക്കിൽ ഇതുപോലെ ഏതാണ്ട് രണ്ടായിരത്തോളം കോട്ടകൾ ഉണ്ട് . എല്ലായിടങ്ങളും നല്ലരീതിയിൽ പരിപാലിച്ച് അവർ ടൂറിസത്തിനായി ഉപയോഗിക്കുന്നു.
ദിവ്-സി-കാമെനിലേയ്ക്കുള്ള യാത്രയുടെ തുടക്കത്തിൽ പുല്തകിടികളാണെങ്കിൽ മുൻപോട്ടു പോകും തോറും വനപ്രദേശമാണ്. കുറെയധികം പൈൻ മരങ്ങളും കൂടാതെ പലതരം പന്നൽച്ചെടികളും (ferns), മിക്കതും ആദ്യമായി കാണുന്നവ. സത്യത്തിൽ ജൈവവൈവിധ്യത്തിന്റെ കലവറ തന്നെ.
കുന്നിറങ്ങി നിരപ്പായ പ്രദേശത്തെത്തുമ്പോൾ അവിടവിടെയായി ഒന്ന് രണ്ടു വീടുകൾ. പ്രകൃതി ഭംഗി അവര്ണനീയം. അവിടവിടായി മേയുന്ന പശുക്കൾ. ശാന്തസുന്ദരമായ അന്തരീക്ഷം. ഞാൻ ഇടുക്കിയിൽ ജനിച്ചു വളർന്നത് കൊണ്ടാകാം എനിക്ക് നാട്ടിൽ തൊടിയിലൂടെ നടക്കുന്ന പ്രതീതിയാണ് തോന്നിയത്. പ്രത്യേകിച്ചും അമ്മയുടെ നാടായ പത്തുമുറിയാണ് (കുമളിയിൽ) ഓര്മ വന്നത്. ഏലക്കാടും വലിയ മരങ്ങളും ചെറു അരുവികളും...
ഇനിയും കുറെയധികം മുൻപോട്ടു പോകണം. കാട്ടുവഴികളിലൂടെ...
കാട്ടുവഴിയുടെ ഒരു വശത്തായി നല്ല തെളിഞ്ഞ ഒരു ചെറിയ ആറുണ്ട്. നിറയെ ഉരുളൻ കല്ലുകളും. ശരിക്കും നമ്മുടെ കല്ലാർ പോലെ (തിരുവനന്തപുരം-പൊന്മുടി-കല്ലാർ). അതിലെ ഒന്ന് രണ്ടു ചെറിയ ബോട്ടുകളും കണ്ടു.
ഇവിടെ കൊച്ചുകുട്ടികൾ സഹിതം ട്രെക്കിങ്ങ് പോകാറുണ്ട്. ആരോഗ്യകരമായ ഒരു വിനോദം.
യാത്രയിലുടെനീളം ചെറിയ മഴച്ചാറ്റൽ ഉണ്ടായിരുന്നു. കോവിഡ് കാലഘട്ടമായതിനാൽ മാസ്കും ധരിച്ചിരുന്നു. കുറെ മുൻപോട്ടു പോയപ്പോൾ ആരും തന്നെ ഇല്ലാതിരുന്നതിനാൽ മാസ്ക് ഒക്കെ മാറ്റി ആശ്വാസത്തോടെ നടക്കാൻ സാധിച്ചു.
പഴയകാലത്തെ ചില കിടങ്ങുകളും ഒരു വലിയ കെട്ടിടവും ഇടവഴിയിൽ കണ്ടിരുന്നു. കുറച്ചുനാൾ മുൻപ് വരെ അവിടെ ആൾത്താമസം ഉണ്ടായിരുന്നത്രെ, കൂടുതൽ വിവരങ്ങൾ കിട്ടിയില്ല, എനിക്ക് ചെക്ക് ഭാഷ അറിയാത്തതു ഒരു കാരണം ആണ്. മിക്കതും ഗൂഗിൾ ട്രാൻസ്ലേഷൻ വഴിയാണ് മനസ്സിലായത്. ചിലയിടങ്ങളിൽ, കല്ലുകളിൽ ഏതുഭാഷയാണെഴുതി വച്ചേക്കുന്നതു എന്ന് പോലും മനസിലായില്ല
മുന്പോട്ടുള്ള യാത്രയിൽ കാട്ടുപാതയിൽ അവിടവിടായി പാറക്കൂട്ടങ്ങളിൽ ചില ക്രൈസ്‌തവ രൂപങ്ങളും ഉണ്ട്. യാത്രികൾ അവിടെ പൂക്കളും മറ്റും അർപ്പിച്ചിട്ടുണ്ട്. എല്ലാം വളരെ വൃത്തിയായി പരിപാലിക്കുന്നുണ്ട് എന്ന് തീർച്ച.
കോട്ടയുടെ കവാടത്തിൽ എത്തുന്നതിനു കുറച്ചു മുൻപായി കുട്ടികൾക്ക് കളിക്കുന്നതിനുള്ള സ്ഥലവും വേണമെങ്കിൽ ക്യാമ്പ് ഫയർ നടത്തുന്നതിനുള്ള സൗകര്യവും ഉണ്ട്. ഞങ്ങൾ അവിടെയിരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്.
പ്രവേശനകവാടത്തിൽ ഒരു ചെറിയ കൌണ്ടർ ഉണ്ട്. അവിടെ നമുക്ക് ടിക്കറ്റ് എടുക്കാം. പ്രവേശനഫീസ് മുതിർന്നവർക്ക് 60 kc യും (ചെക്ക് കൊറുണ, ഏകദേശം 200 രൂപ) കുട്ടികൾക്ക് 30kc യും ആണ്. സ്റ്റുഡൻറ്സ് നു ഐഡന്റിറ്റി കാർഡ് കാണിച്ചാൽ ഫീസിളവ് ഉണ്ട്. അതിനോട് ചേർന്ന് ചെറിയ കഫെ പോലെയുള്ള കടയിൽ വെള്ളം, സൂപ്പ്, പിന്നെ ചിലതരം ബൺ മുതലായവ കിട്ടും. വേറെ കടകൾ ഒന്നും തന്നെയില്ല അവിടെ.