Tuesday, May 23, 2023

അരീക്കത്തോടും യക്ഷിയും ജെംസ് മിട്ടായിയും

എടീ മിന്നുവെ, നീ അരീക്കാത്തോടിന്റെ അരികിലൂടെ ഒറ്റയ്‌ക്കൊന്നും പോയേക്കരുത്, അവിടെയൊരു യക്ഷിയുണ്ട്.

(അമ്മയുടെ വീടിന്റെ സമീപത്തൂടെ ഉണ്ടായിരുന്ന ഒരു തീരെ ചെറിയ അരുവിയായിരുന്നു അരീക്കത്തോട്,  നല്ല തെളിഞ്ഞ കണ്ണാടിപോലെയുള്ള വെള്ളം, ചെറിയ ഉരുളൻ കല്ലുകൾ- പലരൂപത്തിലും നിറത്തിലും. - അവധിക്കാലത്തു ഞങ്ങൾ കുട്ടികളുടെ പ്രധാന വിഹാരകേന്ദ്രം. അരീക്കത്തോടിന്റെ  കരയിലൂടെ നടക്കുന്നതും ചെടികളോടും പൂക്കളോടും കഥ പറയുന്നതുമെല്ലാം അന്നത്തെ  പ്രധാന വിനോദങ്ങളിലൊന്നായിരുന്നു.)


ഓ പിന്നെ ഒന്ന് പോ പുത്രമാമാ,  യക്ഷി - യക്ഷിയൊന്നും ഇല്ല വെറുതെ എന്നെ പേടിപ്പിക്കണ്ട. 


അല്ലെടീ ഞാൻ കണ്ടിട്ടുണ്ട് - മുട്ടറ്റം മുടിയുള്ള ഒരു യക്ഷി, ഒരു ദിവസം രാത്രിയിൽ കുമളിയിൽ നിന്നും ജീപ്പിൽ വീട്ടിലോട്ടു വരുമ്പോൾ ഞാൻ കണ്ടതാ.  

ഒരു ദിവസം ഞാൻ ജീപ്പ് ഓടിച്ചു വരുമ്പോൾ ഒരു വെള്ള സാരി ഉടുത്ത സ്ത്രീ കൈ കാണിച്ചു- അവരുടെ കയ്യിൽ ഒരു കുട്ടിയുണ്ടായിരുന്നു- ഞാൻ ജീപ്പ് നിർത്തി, പാവമല്ലേ, അവർക്കൊരു ലിഫ്റ്റ് കൊടുത്തേക്കാം. അടുത്ത സ്റ്റോപ്പിൽ ഇറക്കാനായി ജീപ്പ് നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ  ആരും ഇല്ലാ. 

ഈ കഥകളൊക്കെ കേട്ടിട്ടും ഒരു ഭാവവ്യത്യാസവും ഇല്ലാതെ നിക്കുന്ന ഞാൻ 

എടീ, ഇവള് പുലിയാ. ഒരു പേടിയും ഇല്ലല്ലോ. അമ്മാവനും അമ്മായിയും കൂടി കുറെയധികം ചിരിച്ചു.

പക്ഷെ കുറച്ചു കഴിഞ്ഞു ഇടവഴിയിലൂടെ ഒറ്റയ്ക്കു വീട്ടിലേയ്ക്കു നടന്ന ഞാൻ - അരീക്കാത്തോടിന്റെ സമീപം എത്തിയപ്പോളേക്കും വാണം വിട്ടപോലെ ഒറ്റ ഓട്ടമായിരുന്നു - വീട്ടിൽ എത്തിയിട്ടാണ് ശ്വാസം വിട്ടത് തന്നെ- വളരെ പെട്ടെന്ന് തന്നെ പുലിമാറി ഏലിയായി 

 പുത്രമാമനെക്കുറിച്ച്‌ ഓർക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്ന ചിത്രം,  ഈ യക്ഷികഥയും  ജെംസ് മിട്ടായിയുയുടേതും ആണ് 

എപ്പോൾ പുറത്തു പോയി വന്നാലും കയ്യിൽ ജെംസ് മിട്ടായിയുടെ ഒരു പാക്കറ്റ് ഉണ്ടാവും. എന്നിട്ടു വീടിന്റെ തെക്കേ തിണ്ണയിലിരുന്നു ഒരു നീട്ടി വിളിയുണ്ട് - എടി മിന്നുവെ...

പുത്രമാമനും (അമ്മയുടെ മൂത്ത സഹോദരൻ) യാത്രയായി - ഒരുപാട് നിറമുള്ള കഥകളും ഓർമകളും സമ്മാനിച്ചിട്ട് - Life has to move on...



തേളും കട്ടുറുമ്പും

 ഒരു കട്ടുറുമ്പും (Fire ant ) രണ്ടു തേളുകളും (Scorpions ) വലിയ കൂട്ടുകാരായിരുന്നു.

ഒരു ദിവസം അവർക്കിടയിൽ ഒരു തർക്കം, ആർക്കാണ് മനുഷ്യരെ കൂടുതൽ പേടിപ്പിക്കാൻ സാധിക്കുക?

കട്ടുറുമ്പ് പറഞ്ഞു, തീർച്ചയായും എനിക്ക് സാധിക്കും, എന്റെ കടി മനുഷ്യർക്ക് അസഹനീയമാണ്.

തേളുകളും വിട്ടില്ല, അല്ല, ഇതെന്തു തമാശ, എനിക്ക് വേണമെങ്കിൽ അവരെ കൊല്ലാൻ വരെ കഴിയും.

എങ്കിൽ നമുക്കൊന്ന് പരീക്ഷിച്ചാലോ, ആർക്ക് ആരെയാണ് കൂടുതൽ പേടിപ്പിക്കാൻ സാധിക്കുക.

മൂന്നുപേരും പറ്റിയ ഇരകളെ തപ്പി നടപ്പായി. അതാ ദൂരെ ഒരു മുതിർന്ന സ്ത്രീയും മൂന്നു കുട്ടികളും.

                   ഒന്ന് നോക്കിയാലോ, കട്ടുറുമ്പു തേളുകളെ നോക്കി കണ്ണിറുക്കി.

കേട്ടപാടെ കേൾക്കാത്തപാടെ തേളുകൾ രണ്ടും പമ്മിപമ്മി കൂട്ടത്തിൽ മുതിർന്ന പെൺകുട്ടിയെ ലക്ഷ്യമാക്കി പതുക്കെ ചുവടുകൾ വച്ച്, സൂത്രത്തിൽ ശരീരത്തിൽ കയറിപ്പറ്റി. രണ്ടുപേരും കൂർത്തവാലുകൾ ശക്തമായി കുത്തിയിറക്കി.

എന്തോ തരിത്തരിപ്പ്, കുത്തുന്ന പോലെ.....

കാരണം പരതിയ  പെൺകുട്ടി ശരീരത്തിൽ കുത്തി രസിക്കുന്ന രണ്ടു തേളുകളെ കണ്ടു അമ്പരന്നു. ഭയന്ന് പോയ അവൾ അലറിക്കരഞ്ഞു, തേളുകളെ തട്ടിമാറ്റി.  

അത് കണ്ടു ഭയന്ന ആൺകുട്ടി പെട്ടെന്ന് എന്തൊക്കെയോ  പച്ചമരുന്നുകൾ പറിച്ചു കടിച്ചഭാഗത്തു പിഴിഞ്ഞ് കൊടുത്തു. 

മുതിർന്ന സ്ത്രീയ്ക്കു ആകട്ടെ യാതൊരു ഭാവ വ്യത്യാസവും ഇല്ല. 

കട്ടുറുമ്പിനു സന്തോഷമായി. തേളുകൾക്കു അവരെ പേടിപ്പിക്കാൻ കഴിഞ്ഞില്ല. ചെറിയ കുട്ടികൾ അറിവില്ലായ്മ മൂലം കരഞ്ഞത് ആകാം.

ഇനി തന്റെ ഊഴം. കട്ടുറുമ്പ് ചെറിയ കുട്ടിയെ ലക്ഷ്യമാക്കി പാഞ്ഞു. നല്ല ഒരു കുത്തും കൊടുത്തു. കുട്ടി അലറിക്കരയാൻ തുടങ്ങി. കൂട്ടത്തിൽ മുതിർന്ന സ്ത്രീയും. കട്ടുറുമ്പു ഹാപ്പി. കണ്ടോ കണ്ടോ എനിക്കാണ് ശക്തി, കൂടുതൽ വിഷവും.

തേളുകൾക്കു ശരിക്കും വിഷമം ആയി, ഞങ്ങൾ രണ്ടുപേർ ചേർന്നിട്ടും ഒരു കട്ടുറുമ്പിന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ പോയല്ലോ. 

ഇതെല്ലാം കണ്ടു മരച്ചില്ലകളിൽ ഒരു ചെറിയ വാലാട്ടിക്കിളി  പുഞ്ചിരിക്കുന്നുണ്ടായിരുന്നു,
ആരാണിവിടെ ശരി, ആരാണ് തെറ്റ്?  

About Me

My photo
വല്ലപ്പോഴും കിട്ടുന്ന ചെറിയ ഇടവേള കളില്‍ ഇവിടെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു.. വെറുതെ ...ഒരു രസം ... I'm not a standard writer with a great vocabulary. Whenever I have free time, I scribble something for my own mental satisfaction.