എടീ മിന്നുവെ, നീ അരീക്കാത്തോടിന്റെ അരികിലൂടെ ഒറ്റയ്‌ക്കൊന്നും പോയേക്കരുത്, അവിടെയൊരു യക്ഷിയുണ്ട്.
(അമ്മയുടെ വീടിന്റെ സമീപത്തൂടെ ഉണ്ടായിരുന്ന ഒരു തീരെ ചെറിയ അരുവിയായിരുന്നു അരീക്കത്തോട്, നല്ല തെളിഞ്ഞ കണ്ണാടിപോലെയുള്ള വെള്ളം, ചെറിയ ഉരുളൻ കല്ലുകൾ- പലരൂപത്തിലും നിറത്തിലും. - അവധിക്കാലത്തു ഞങ്ങൾ കുട്ടികളുടെ പ്രധാന വിഹാരകേന്ദ്രം. അരീക്കത്തോടിന്റെ കരയിലൂടെ നടക്കുന്നതും ചെടികളോടും പൂക്കളോടും കഥ പറയുന്നതുമെല്ലാം അന്നത്തെ പ്രധാന വിനോദങ്ങളിലൊന്നായിരുന്നു.)
ഓ പിന്നെ ഒന്ന് പോ പുത്രമാമാ, യക്ഷി - യക്ഷിയൊന്നും ഇല്ല വെറുതെ എന്നെ പേടിപ്പിക്കണ്ട.
അല്ലെടീ ഞാൻ കണ്ടിട്ടുണ്ട് - മുട്ടറ്റം മുടിയുള്ള ഒരു യക്ഷി, ഒരു ദിവസം രാത്രിയിൽ കുമളിയിൽ നിന്നും ജീപ്പിൽ വീട്ടിലോട്ടു വരുമ്പോൾ ഞാൻ കണ്ടതാ.
ഒരു ദിവസം ഞാൻ ജീപ്പ് ഓടിച്ചു വരുമ്പോൾ ഒരു വെള്ള സാരി ഉടുത്ത സ്ത്രീ കൈ കാണിച്ചു- അവരുടെ കയ്യിൽ ഒരു കുട്ടിയുണ്ടായിരുന്നു- ഞാൻ ജീപ്പ് നിർത്തി, പാവമല്ലേ, അവർക്കൊരു ലിഫ്റ്റ് കൊടുത്തേക്കാം. അടുത്ത സ്റ്റോപ്പിൽ ഇറക്കാനായി ജീപ്പ് നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ ആരും ഇല്ലാ.
ഈ കഥകളൊക്കെ കേട്ടിട്ടും ഒരു ഭാവവ്യത്യാസവും ഇല്ലാതെ നിക്കുന്ന ഞാൻ
എടീ, ഇവള് പുലിയാ. ഒരു പേടിയും ഇല്ലല്ലോ. അമ്മാവനും അമ്മായിയും കൂടി കുറെയധികം ചിരിച്ചു.
പക്ഷെ കുറച്ചു കഴിഞ്ഞു ഇടവഴിയിലൂടെ ഒറ്റയ്ക്കു വീട്ടിലേയ്ക്കു നടന്ന ഞാൻ - അരീക്കാത്തോടിന്റെ സമീപം എത്തിയപ്പോളേക്കും വാണം വിട്ടപോലെ ഒറ്റ ഓട്ടമായിരുന്നു - വീട്ടിൽ എത്തിയിട്ടാണ് ശ്വാസം വിട്ടത് തന്നെ- വളരെ പെട്ടെന്ന് തന്നെ പുലിമാറി ഏലിയായി
പുത്രമാമനെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്ന ചിത്രം, ഈ യക്ഷികഥയും ജെംസ് മിട്ടായിയുയുടേതും ആണ്
എപ്പോൾ പുറത്തു പോയി വന്നാലും കയ്യിൽ ജെംസ് മിട്ടായിയുടെ ഒരു പാക്കറ്റ് ഉണ്ടാവും. എന്നിട്ടു വീടിന്റെ തെക്കേ തിണ്ണയിലിരുന്നു ഒരു നീട്ടി വിളിയുണ്ട് - എടി മിന്നുവെ...
പുത്രമാമനും (അമ്മയുടെ മൂത്ത സഹോദരൻ) യാത്രയായി - ഒരുപാട് നിറമുള്ള കഥകളും ഓർമകളും സമ്മാനിച്ചിട്ട് - Life has to move on...
No comments:
Post a Comment