Tuesday, May 23, 2023

തേളും കട്ടുറുമ്പും

 ഒരു കട്ടുറുമ്പും (Fire ant ) രണ്ടു തേളുകളും (Scorpions ) വലിയ കൂട്ടുകാരായിരുന്നു.

ഒരു ദിവസം അവർക്കിടയിൽ ഒരു തർക്കം, ആർക്കാണ് മനുഷ്യരെ കൂടുതൽ പേടിപ്പിക്കാൻ സാധിക്കുക?

കട്ടുറുമ്പ് പറഞ്ഞു, തീർച്ചയായും എനിക്ക് സാധിക്കും, എന്റെ കടി മനുഷ്യർക്ക് അസഹനീയമാണ്.

തേളുകളും വിട്ടില്ല, അല്ല, ഇതെന്തു തമാശ, എനിക്ക് വേണമെങ്കിൽ അവരെ കൊല്ലാൻ വരെ കഴിയും.

എങ്കിൽ നമുക്കൊന്ന് പരീക്ഷിച്ചാലോ, ആർക്ക് ആരെയാണ് കൂടുതൽ പേടിപ്പിക്കാൻ സാധിക്കുക.

മൂന്നുപേരും പറ്റിയ ഇരകളെ തപ്പി നടപ്പായി. അതാ ദൂരെ ഒരു മുതിർന്ന സ്ത്രീയും മൂന്നു കുട്ടികളും.

                   ഒന്ന് നോക്കിയാലോ, കട്ടുറുമ്പു തേളുകളെ നോക്കി കണ്ണിറുക്കി.

കേട്ടപാടെ കേൾക്കാത്തപാടെ തേളുകൾ രണ്ടും പമ്മിപമ്മി കൂട്ടത്തിൽ മുതിർന്ന പെൺകുട്ടിയെ ലക്ഷ്യമാക്കി പതുക്കെ ചുവടുകൾ വച്ച്, സൂത്രത്തിൽ ശരീരത്തിൽ കയറിപ്പറ്റി. രണ്ടുപേരും കൂർത്തവാലുകൾ ശക്തമായി കുത്തിയിറക്കി.

എന്തോ തരിത്തരിപ്പ്, കുത്തുന്ന പോലെ.....

കാരണം പരതിയ  പെൺകുട്ടി ശരീരത്തിൽ കുത്തി രസിക്കുന്ന രണ്ടു തേളുകളെ കണ്ടു അമ്പരന്നു. ഭയന്ന് പോയ അവൾ അലറിക്കരഞ്ഞു, തേളുകളെ തട്ടിമാറ്റി.  

അത് കണ്ടു ഭയന്ന ആൺകുട്ടി പെട്ടെന്ന് എന്തൊക്കെയോ  പച്ചമരുന്നുകൾ പറിച്ചു കടിച്ചഭാഗത്തു പിഴിഞ്ഞ് കൊടുത്തു. 

മുതിർന്ന സ്ത്രീയ്ക്കു ആകട്ടെ യാതൊരു ഭാവ വ്യത്യാസവും ഇല്ല. 

കട്ടുറുമ്പിനു സന്തോഷമായി. തേളുകൾക്കു അവരെ പേടിപ്പിക്കാൻ കഴിഞ്ഞില്ല. ചെറിയ കുട്ടികൾ അറിവില്ലായ്മ മൂലം കരഞ്ഞത് ആകാം.

ഇനി തന്റെ ഊഴം. കട്ടുറുമ്പ് ചെറിയ കുട്ടിയെ ലക്ഷ്യമാക്കി പാഞ്ഞു. നല്ല ഒരു കുത്തും കൊടുത്തു. കുട്ടി അലറിക്കരയാൻ തുടങ്ങി. കൂട്ടത്തിൽ മുതിർന്ന സ്ത്രീയും. കട്ടുറുമ്പു ഹാപ്പി. കണ്ടോ കണ്ടോ എനിക്കാണ് ശക്തി, കൂടുതൽ വിഷവും.

തേളുകൾക്കു ശരിക്കും വിഷമം ആയി, ഞങ്ങൾ രണ്ടുപേർ ചേർന്നിട്ടും ഒരു കട്ടുറുമ്പിന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ പോയല്ലോ. 

ഇതെല്ലാം കണ്ടു മരച്ചില്ലകളിൽ ഒരു ചെറിയ വാലാട്ടിക്കിളി  പുഞ്ചിരിക്കുന്നുണ്ടായിരുന്നു,
ആരാണിവിടെ ശരി, ആരാണ് തെറ്റ്?  

No comments:

About Me

My photo
വല്ലപ്പോഴും കിട്ടുന്ന ചെറിയ ഇടവേള കളില്‍ ഇവിടെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു.. വെറുതെ ...ഒരു രസം ... I'm not a standard writer with a great vocabulary. Whenever I have free time, I scribble something for my own mental satisfaction.